വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ സഹകരണ ബാങ്ക് സെക്രട്ടറി പാമ്പുകടിയേറ്റ് മരിച്ചു

കായംകുളം (ആലപ്പുഴ): കായംകുളത്ത് വ്യാപാരി വ്യവസായി സമിതി സഹകരണ ബാങ്ക് സെക്രട്ടറി ചേരാവള്ളി വടക്കേ തോപ്പിൽ സെലീന (42) പാമ്പു കടിയേറ്റ് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കായംകുളം കൊറ്റുകുളങ്ങര പാഞ്ചേരിയിൽ പുരയിടത്തിലാണു സംഭവം. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല.
ബന്ധുവിന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്തശേഷം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്കു പോയപ്പോഴാണു കടിയേറ്റത്. ഉടനേ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രക്തപരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിരീക്ഷണത്തിലിരിക്കേ, ശൗചാലയത്തിലേക്കു പോയ സെലീന കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറായപ്പോഴായിരുന്നു മരണം.
ആശുപത്രിയിൽ പ്രതിവിഷം ലഭ്യമായിരുന്നില്ലെന്ന് ആരോപണമുയർന്നു. എന്നാൽ, കടിച്ചതു പാമ്പാണോയെന്ന് ആശുപത്രിയിലെത്തിച്ചവർക്ക് ഉറപ്പില്ലായിരുന്നുവെന്നും രക്തപരിശോധനയിലും അതു കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചെങ്കിലും പരിശോധനാഫലം മുഴുവൻ ലഭിച്ചിട്ടു മതിയെന്ന് കൂടെയെത്തിയവർ പറഞ്ഞതായും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. ആറാട്ടുപുഴ കാപ്പൂരിക്കാട്ടിൽ നാജിമാണ് ഭർത്താവ്. മകൾ: നാസിയ.
Content Highlights: Selena (42), secretary of the Traders Cooperative Bank, died after a snakebite in Kayamkulam., The incident occurred near Kottukulangara while returning from a wedding., Controversy surrounds the availability of anti-venom at Kayamkulam Taluk Hospital., Hospital authorities claim the snakebite was not confirmed by initial blood tests., Post-mortem report at Alappuzha Medical College is expected to clarify the cause of death.