ഷാഫി പറമ്പിലിനെതിരായ പോലീസ് നടപടി: സംസ്ഥാനവ്യാപക പ്രതിഷേധം; കാസര്‍കോട്ട് യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

Photo: Screengrab/ mbi news
Photo: Screengrab/ mbi news

കാസര്‍കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം. കാസര്‍കോട് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍, പോലീസ് വാഹനങ്ങള്‍ക്കു മുന്നില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധവുമായി എത്തിയതോടെ  നീക്കം പരാജയപ്പെടുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കോട്ടച്ചേരിയില്‍നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനം പോലീസ് നഗരസഭാ ഓഫീസിനുമുന്നില്‍ ഇരുമ്പുവേലി ഒരുക്കി തടഞ്ഞു. വേലിതകര്‍ക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെ പോലീസ് എതിര്‍ഭാഗത്ത് നിന്നും തള്ളിപ്പിടിച്ച് ചെറുത്തു. ഇതിനിടയില്‍ വെള്ളംചീറ്റി പ്രവര്‍ത്തകരെ പിന്തിരിപ്പാക്കാനുള്ള ശ്രമവും പോലീസ് നടത്തി.

സ്റ്റേഷന്‍ ഉപരോധശ്രമം പോലീസ് പ്രതിരോധിച്ചതോടെ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പുതിയകോട്ട സംസ്ഥാനപാതയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും വണ്ടിയില്‍ കയറ്റാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും രൂക്ഷമായി. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നത് ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകോര്‍ത്ത് പിടിച്ച് തടഞ്ഞു.

കോഴിക്കോട് ഐജി ഓഫീസിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പിണറായിക്കും മരുമകനും മാപ്പില്ലെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. 

ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ നടുറോഡില്‍ കറുത്ത കൊടിയുമായി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തുനീക്കി.

ഷാഫി പറമ്പില്‍ എംപിക്ക് പോലീസ് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. സമരം കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

Content Highlights: UDF protests erupt in Kasaragod against police action on Shafi Parambil MP. Violence, water cannons, and arrests mark the protest march