'ആഗ്രഹിച്ച മന്ത്രിസ്ഥാനം പോവുമെന്ന് ഭയപ്പെട്ടു'; തന്നെ തോൽപിച്ചത് പിടിഎ റഹീം എന്ന് കാരാട്ട് റസാഖ്

#സ്വന്തം ലേഖിക
കരാട്ട് റസാഖ്, പി.ടി.എ. റഹീം | Photo : Mathrubhumi
കരാട്ട് റസാഖ്, പി.ടി.എ. റഹീം | Photo : Mathrubhumi

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് പി.ടി.എ. റഹീം എം.എൽ.എയാണെന്ന് കരാട്ട് റസാഖ്. കൊടുവള്ളി മണ്ഡലത്തില്‍ റഹീം വിഭാഗത്തിന് വോട്ടുണ്ടെങ്കിലും അത് ഇടത് മുന്നണിയിലേക്ക് എത്തിയില്ല. മണ്ഡലത്തിൽ ഉണ്ടായ തോൽവിയെ കുറിച്ച് പാർട്ടിയ്ക്ക് പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണം ഉണ്ടായില്ല. 

എം.കെ. മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ ആഗ്രഹിച്ച മന്ത്രിസ്ഥാനം പോവുമെന്നും താൻ വിഭാവനം ചെയ്ത പല പദ്ധതികളും വന്നാൽ റഹീമിനും ബന്ധുക്കൾക്കും വേണ്ട പലതും നഷ്ടമാവും എന്നും ആശങ്കപ്പെട്ടു. ഇതൊക്കെയാണ് തന്നെ പരാജയപ്പെടുത്താൻ കാരണമെന്ന് കാരാട്ട് റസാഖ് ആരോപിച്ചു. 

മിനറൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായി പിടിഎ റഹീമിൻ്റെ ബന്ധു വായോളി മുഹമ്മദിനെ നിയമിച്ചതിനെതിരെയും കാരാട്ട് റസാഖ് ആരോപണം ഉന്നയിച്ചു. നടന്നത് ബന്ധു നിയമനമാണ്. ബന്ധു നിയമനം ആര് നടത്തിയാലും അത് പാടില്ലാത്തതാണെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.

സി.പി.എം. വിട്ടുപോകേണ്ടതിൻ്റെ ആവശ്യം നിലവിൽ ഇല്ല. മറ്റാരൊക്കെ എതിർത്താലും കേരളത്തിൻ്റെ മുഖ്യമന്ത്രി ഇപ്പോഴും എല്ലാവിധ പരിഗണനയും നൽകുന്നുണ്ട്. അത്ര നല്ല ബന്ധമുള്ളപ്പോൾ പാർട്ടി വിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Content Highlights: Karat Razack makes allegations against PTA Rahim