ഭക്ഷണം സൂക്ഷിച്ചത് കേടുവന്ന ഫ്രിഡ്ജിൽ ഐസ് നിറച്ച്, ചൂടാക്കി വിളമ്പും; പയ്യാമ്പലം തട്ടുകടയിലെ പരിശോധന

പയ്യാമ്പലത്തെ തട്ടുകടയിൽനിന്ന് പള്ളിക്കുന്ന് സോണൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാർഥങ്ങൾ | ഫോട്ടോ: മാതൃഭൂമി
പയ്യാമ്പലത്തെ തട്ടുകടയിൽനിന്ന് പള്ളിക്കുന്ന് സോണൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാർഥങ്ങൾ | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: പയ്യാമ്പലം കടലോരത്തെ തട്ടുകടയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർപോലും ഭക്ഷണം സൂക്ഷിച്ച രീതികണ്ട് ഞെട്ടി. വൈദ്യുതി കണക്ഷനില്ലാത്ത തട്ടുകടയിൽ ഉപയോഗശൂന്യമായ ഫ്രിഡ്ജ് കമിഴ്ത്തിവെച്ച് ഐസ് കട്ട ഇട്ടുവെച്ചാണ് ഭക്ഷണം സൂക്ഷിച്ചിരുന്നത്. ആവശ്യക്കാരെത്തിയാൽ ഇത് ചൂടാക്കി വിളമ്പും. പള്ളിക്കുന്ന് സോണൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം ശനിയാഴ്ച രാവിലെ പയ്യാമ്പലം ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

വേവിച്ചതും അല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നത്. കല്ലുമ്മക്കായ, പത്തൽ, പുട്ട്, പപ്പ്‌സ്, ഉള്ളിവട തുടങ്ങിയവ പിടിച്ചെടുത്തവയിലുണ്ട്. പഴകിയ എണ്ണയും ഇക്കൂട്ടത്തിലുണ്ട്. തുടർന്ന് താത്‌കാലികമായി രണ്ടുദിവസം തട്ടുകട അടച്ചിട്ട് വൃത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. മാലിന്യം പൊതുസ്ഥലത്ത്‌ തള്ളിയതിന് മുൻപും ഇവർക്ക് പിഴചുമത്തി നോട്ടീസ് നൽകിയിരുന്നു. ആ തുകയും ഇവരിൽനിന്ന് ഈടാക്കും. സോണലിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിലും നിരോധിത ഉത്‌പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

പരിശോധനയിൽ സീനിയർ പബ്ലിക്‌ ഹെൽത്ത് ഇൻസ്പെക്ടർ രാധാമണി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ഹംസ, ടി.പി.ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഇത്തരം എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ കർശനമാക്കിയതായും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കിയതായതായി ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം.പി.രാജേഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു.

Content Highlights: A food stall in Payyambalam, Kannur, was temporarily closed due to unsanitary food storage practice