22 പേരുടെ മൊബൈൽ ഫോണുകൾ, 10 ദിവസത്തിനുള്ളിൽ കണ്ടെത്തി നൽകി കണ്ണൂർ പോലീസ്

കണ്ണൂര്‍: നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈല്‍ഫണുകള്‍ തിരികെകിട്ടിയ സന്തോഷത്തിലാണ് കെ. രാജീവ്, കെ.വി. മഹേഷ്, കെ.പി. വിജില്‍ ഉള്‍പ്പെടെയുള്ള 22 പേര്‍. 10 ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടതും കളവുപോയതുമായ ഫോണുകളാണ് കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ കണ്ടെത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുമാണ് 22-ഓളം ഫോണുകള്‍ കണ്ടെത്തിയത്.
ഫോണ്‍ ലഭിച്ചവരില്‍നിന്ന് നേരിട്ടും കൂരിയര്‍ സര്‍വീസ് വഴിയും പോലീസ് സ്റ്റേഷന്‍ വഴിയുമാണ് വീണ്ടെടുത്തത്. ആറുമാസത്തിനുള്ളില്‍ സൈബര്‍ സെല്‍ 180-ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. ഫോണ്‍ ഉടമകളെ കണ്ണൂര്‍ പോലീസ് കമ്മിഷണറുടെ ഓഫീസില്‍ വിളിച്ചുവരുത്തി സിറ്റി കമ്മിഷണര്‍ പി. നിധിന്‍ രാജ് ഫോണുകള്‍ തിരിച്ചുനല്‍കി.
മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ പേടിക്കേണ്ടതില്ലെന്നും കണ്ടെത്തി തരും എന്നുമുള്ള പെതുഅവബോധം ജനങ്ങള്‍ക്ക് നല്‍കാനാണ് എല്ലാവരെയും ഒന്നിച്ച് വിളിച്ച് ഫോണ്‍ കൈമാറിയതെന്ന് കമ്മിഷണര്‍ പറഞ്ഞു. സിഇഐആര്‍ പോര്‍ട്ടലിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലഭിച്ച ഫോണുകള്‍ സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി.
സൈബര്‍ സെല്‍ എഎസ്‌ഐ എം. ശ്രീജിത്ത്, സിപിഒമാരായ പി.കെ. ദിജിന്‍ രാജ്, എന്‍.കെ. അജുല്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
കഷ്ടപ്പെട്ടെന്ന് ഉടമകള്‍
ഒട്ടോറിക്ഷാഡ്രൈവറായ കെ. രാജീവിന്റെ ഫോണ്‍ തലശ്ശേരിയില്‍ ഉത്സവത്തിന് പോയപ്പോള്‍ നിര്‍ത്തിയിട്ട ഒട്ടോറിക്ഷയില്‍ നിന്നാണ് മോഷണം പോയത്. 'മൊബൈല്‍ ഫോണ്‍ ഇല്ലാതെ കുറെ ബുദ്ധിമുട്ടി. കോണ്‍ടാക്ടുകള്‍ ഇല്ലാത്തതും പെട്ടെന്ന് ഒരു ഫോണ്‍, സിം കാര്‍ഡ് എന്നിവ കണ്ടെത്താനും ബുദ്ധിമുട്ടി. ഫോണ്‍ തിരിച്ചുകിട്ടിയെങ്കിലും കോണ്‍ടാക്ടുകളൊന്നും ഇല്ലായിരുന്നു' - രാജീവ് പറഞ്ഞു.
കെ.വി. മഹേഷിന്റെ ഫോണ്‍ നഷ്ടപ്പെട്ടത് വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ്. ലൈസന്‍സ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍, കോണ്‍ടാക്ടുകള്‍ എല്ലാം ഫോണില്‍നിന്ന് പോയത് വലിയ പ്രയാസമുണ്ടാക്കിയെന്ന് മഹേഷ് പറഞ്ഞു. ചിലരുടെ ഫോണ്‍ നഷ്ടപ്പെട്ടത് ബസ് യാത്രക്കിടയില്‍ ഉറങ്ങുമ്പോഴാണ്.
മെബൈല്‍ ഫോണ്‍ നഷ്ടമായാല്‍ പരാതി നല്‍കാം
:മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സിം കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. പരാതി രസീത് ഉപയോഗിച്ച് സിഇഐആര്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ ബ്ലോക്കാകും. ബ്ലോക്കായ ഫോണില്‍ ആരെങ്കിലും സിം കാര്‍ഡ് ഇടുകയാണെങ്കില്‍ ഫോണ്‍ കണ്ടെത്താനാകും. മൊബൈല്‍ ഫോണ്‍ നഷ്ടമായവര്‍ക്ക് സൈബര്‍ സെല്ലില്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്യാം.
Content Highlights: kannur city cyber cell police recovered around 22 lost and stolen phones within 10 days