കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡ്: ഭൂമി ഏറ്റെടുക്കാനായി 73.9 കോടി രൂപ അനുവദിച്ചു

കണ്ണൂര്‍: ജില്ലയിലെ പ്രധാന റോഡായ ചൊറുക്കള-ബാവുപ്പറമ്പ്, മയ്യില്‍, കൊളോളം, മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി.ഗോവിന്ദന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തുക അനുവദിച്ചത്. 1600 ഭൂവുടമകളുടെ ഏഴ് ഹെക്ടര്‍ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. ഇതിന്റെ ഭാഗമായ വിജ്ഞാപനം അടുത്തദിവസം പുറത്തിറങ്ങും. കളക്ടര്‍ വിജ്ഞാപനമിറക്കുന്നതോടെ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച് പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ കഴിയും. ഇതോടൊപ്പം റോഡ് നിര്‍മാണത്തിനാവശ്യമായ 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.
തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയില്‍ ചൊര്‍ക്കളയില്‍നിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററാണ് നവീകരിക്കുക. വൈദ്യുതത്തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകളുടെ പൈപ്പുകളും മാറ്റിസ്ഥാപിച്ചാകും റോഡ് നിര്‍മാണ പ്രവൃത്തി.
കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും കണ്ണൂരിലെ മലയോരമേഖലകളായ ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ, പുളിങ്ങോം ഭാഗത്തുള്ളവര്‍ക്കും മലയോര ഹൈവേ വഴി വന്നാല്‍ എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. തളിപ്പറമ്പ്-മണക്കടവ്-കൂര്‍ഗ് റോഡിന്റെ ഭാഗമായ കാഞ്ഞിരങ്ങാട്ടുനിന്ന് ഈ റോഡിലേക്ക് പ്രവേശിക്കാനും കഴിയും.
69 കോടി രൂപ ചെലവിട്ട് നവീകരണപ്രവൃത്തി നടക്കുന്ന ഇടിസി-പൂമംഗലം മഴൂര്‍ പന്നിയൂര്‍ റോഡുവഴി നടുവില്‍ ആലക്കോട്, ഭാഗത്തുള്ളവര്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാനാകും. വിമാനത്താവളയാത്രക്കാര്‍ക്ക് പുറമെ പ്രധാന തീര്‍ഥാടന വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിലേക്കും എളുപ്പത്തില്‍ എത്താനാകുമെന്നത് റോഡിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
Content Highlights: Kannur Airport Link Road Project Receives ₹73.9 Crore Funding Boost from KIIFB