എ.ഡി.എമ്മിനെതിരായ നീക്കം; ദിവ്യയെ പ്രകോപിപ്പിച്ചത് സി.പി.ഐ.യുടെ ഇടപെടലെന്ന് സൂചന

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിനെതിരേയുള്ള നീക്കത്തിന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് പ്രകോപനമായത് പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ അനുവദിക്കാൻ സി.പി.ഐ. നേതൃത്വത്തിന്റെ ഇടപെടലെന്ന് സൂചന. ദിവ്യ ആവശ്യപ്പെട്ടപ്പോൾ നടപടിയെടുക്കാതിരിക്കുകയും സി.പി.ഐ. ഇടപെട്ടപ്പോൾ നടപടിയെടുക്കുകയും ചെയ്തതാണ് അവരെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.
എതിർപ്പില്ലാരേഖ ലഭിക്കാൻ സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ സഹായം കിട്ടിയതായി ദിവ്യയോട് പറഞ്ഞതായി എ.ഡി.എമ്മിനെതിരേ പരാതി നൽകിയ ടി.വി. പ്രശാന്തൻ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കും വിജിലൻസിനും നൽകിയ മൊഴിയിൽ സൂചനയുണ്ട്. പ്രശാന്തന്റെ ആവശ്യപ്രകാരം സി.പി.ഐ. ജില്ലാസെക്രട്ടറി സി.പി. സന്തോഷ് കുമാറാണ് എ.ഡി.എമ്മിനെ വിളിച്ചത്. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന ആവശ്യത്തെത്തുടർന്ന് എ.ഡി.എം. സ്ഥലം സന്ദർശിച്ചിരുന്നതായി സന്തോഷ് കുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു. ആറുമാസം മുൻപായിരുന്നു ഇത്.
ദിവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകും
നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ദിവ്യക്ക് വീണ്ടും നോട്ടീസ് നൽകും. ശനിയാഴ്ച കണ്ണൂരിലെത്തിയ ജോയിന്റ് കമ്മിഷണർ എ. ഗീത, കളക്ടർ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. ദിവ്യക്ക് നോട്ടീസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ച് അവർ സാവകാശം തേടി. ഒരുതവണകൂടി ദിവ്യയ്ക്ക് നോട്ടീസ് നൽകും. അടുത്ത തവണയും ഹാജരായില്ലെങ്കിൽ അതുകാണിച്ച് റിപ്പോർട്ട് നൽകേണ്ടിവരും.
പോലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതോടെ ഒളിവിൽത്തുടരുന്ന പി.പി. ദിവ്യ അടുത്തതവണ വിളിപ്പിച്ചാലും എത്താൻ സാധ്യതയില്ല. യോഗത്തിലേക്ക് പി.പി. ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് കളക്ടർ ജോയിന്റ് കമ്മിഷണർക്ക് മൊഴി നൽകിയിരുന്നു. കളക്ടർ ക്ഷണിച്ച പ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. ജോയിന്റ് കമ്മിഷണർ നാലുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ഇതിനുശേഷമാവും കളക്ടർ അരുൺ കെ. വിജയനെ സ്ഥലംമാറ്റുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാവുക.
ഇതിനിടെ, ദിവ്യക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി കാണിച്ച് ഭർത്താവ് പി.വി.അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു.
Content Highlights: kannur adm death pp divya cpi interventions