എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥൻ; ജനപ്രതിനിധികൾ പക്വത കാണിക്കണം- റവന്യൂ മന്ത്രി

കെ.രാജൻ, നവീൻ ബാബു | Photo: മാതൃഭൂമി
കെ.രാജൻ, നവീൻ ബാബു | Photo: മാതൃഭൂമി

തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂർ എ.ഡി.എം. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ.രാജൻ. പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ ജനപ്രതിനിധികൾ പക്വത കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

വളരെ ദുഃഖരമായ സംഭവമാണ്. റവന്യൂ വകുപ്പിന് വലിയ നഷ്ടമാണ്. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിനെതിരെ റവന്യൂ വകുപ്പിനകത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ല.ഗൗരവമായ അന്വേഷണം ഉണ്ടാകും. കളക്ടര്‍ റിപ്പോര്‍ട്ട് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെടും. മറ്റു വിശദാംശങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നില്ല. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വതയും ധാരണയുമുണ്ടാക്കണം. റവന്യൂ വകുപ്പിനകത്തു നിന്ന് അദ്ദേഹത്തിനെതിരെ പരാതിയുണ്ടായിട്ടില്ല. എന്റെ വ്യക്തിപരമായ ധാരണയതാണ്.  മന്ത്രി പറഞ്ഞു. 

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയാണ് മരണം.

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. 

Content Highlights: minister k rajan response on kannur adm death and allegation of pp divya