ഇ.വി. ജയകൃഷ്ണനും പി. ശില്പയ്ക്കും കാഞ്ഞങ്ങാട് പ്രസ് ഫോറം അവാർഡ്

#ന്യൂസ് ഡെസ്ക്
ഇ.വി. ജയകൃഷ്ണൻ, പി. ശില്പ | ഫോട്ടോ: മാതൃഭൂമി
ഇ.വി. ജയകൃഷ്ണൻ, പി. ശില്പ | ഫോട്ടോ: മാതൃഭൂമി

കാഞ്ഞങ്ങാട്: മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണനും മാതൃഭൂമി തൃക്കരിപ്പൂർ ലേഖിക പി. ശില്പയ്ക്കും കാഞ്ഞങ്ങാട് പ്രസ് ഫോറം അവാർഡ്. പ്രസ് ഫോറം സ്ഥാപക പ്രസിഡൻ്റ് എം.വി. ദാമോദരൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരമാണ് ജയകൃഷ്ണന് ലഭിച്ചത്. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ കഷ്ടപ്പാടും കണ്ണീരും ചൂണ്ടിക്കാട്ടി 2025 സെപ്റ്റംബർ 25 മുതൽ 30 വരെ 'മാതൃഭൂമി'യിൽ പ്രസിദ്ധീകരിച്ച 'ദേവസമക്ഷം നൊമ്പരപ്പൂക്കൾ' എന്ന പരമ്പരയാണ് പുരസ്കാരത്തിനർഹനാക്കിയത്.

ദേശാഭിമാനി ലേഖകനായിരുന്ന ടി. കുഞ്ഞിരാമൻ മാസ്റ്ററുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോർട്ടിനുള്ള പുരസ്‌കാരമാണ് ശില്പയ്ക്ക് ലഭിച്ചത്. 'ഫിനിഷിങ്ങില്ലാതെ കാസർകോടിന്റെ കായിക സ്വപ്‌നം' എന്ന തലക്കെട്ടിൽ 2025 ഒക്ടോബർ 21 മുതൽ 26 വരെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച പരമ്പരയാണ് അവാർഡിന് അർഹയാക്കിയത്. 5001 രൂപയും ശില്പവും പ്രശംസ പത്രവുമുൾപ്പെടുന്നതാണ് പുരസ്കാരം.

മികച്ച ദൃശ്യമാധ്യമ പ്രവർത്തകനുള്ള സുരേന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് ന്യൂസ് മലയാളം കാസർകോട് റിപ്പോർട്ടർ രതീഷ് വാസുദേവനെയും കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി. രാമുണ്ണി സ്മാരക പുരസ്കാരത്തിന് ഉത്തരദേശം സായാഹ്ന പത്രം കാഞ്ഞങ്ങാട് ലേഖകൻ പി. പ്രവീൺകുമാറിനെയും തിരഞ്ഞെടുത്തു.

ജൂലായ് ഏഴിന് ഉച്ചക്ക് ശേഷം മൂന്നിന് കാഞ്ഞങ്ങാട് ബിഗ് മാൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ അവാർഡുകൾ സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ രവീന്ദ്രൻ രാവണേശ്വരം, പ്രസ് ഫോറം പ്രസിഡൻ്റ് ഫസലുറഹ്മാൻ, സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Content Highlights: E.V. Jayakrishnan awarded for the series 'Deva Samaksham Nombarappookkal'., P. Shilpa receives the best rural reporting award for her series on Kasaragod sports., Awards include a cash prize of 5001 rupees, a plaque, and a citation., Ceremony scheduled for July 7 at Big Mall Hall, Kanhangad., Minister C.P. John to distribute the awards.