കണ്ടല ബാങ്ക് തട്ടിപ്പ്: ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ സിപിഐയില്‍നിന്ന് പുറത്താക്കി

തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ.ഡി അന്വേഷണവും പരിശോധനയും ചോദ്യംചെയ്യലും തുടരുന്നതിനിടെ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വന്‍ തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നിട്ടും നടപടിക്ക് സി.പി.ഐ. തയ്യാറായിരുന്നില്ല. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ ഇ.ഡി പരിശോധന തുടരുന്നതിനിടെ നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമായെന്നാണ് വിലയിരുത്തപ്പെടുന്നത്. സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച രാവിലെ പത്തിന് ചേരുന്നതിന് മുമ്പുതന്നെ ഭാസുരാംഗനെ പുറത്താക്കി എന്ന വിവരം പാര്‍ട്ടി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു.
കണ്ടല ബാങ്ക് തട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചെന്നാണ് വിവരം. ഇ.ഡി പരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭാസുരാംഗനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ചോദ്യംചെയ്യലും പരിശോധനകളും ഇ.ഡി. തുടരും. അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് വിവരം.
മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. സി.പി.ഐയില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവും മില്‍മ അഡ്മിനിസ്‌ട്രേറ്റീവ് സമിതി കണ്‍വീനറുമായ ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തുടരുന്ന കെടുകാര്യസ്ഥതയും ഭരണസമിതിയുടെ ക്രമരഹിതമായ നടപടികളും ധൂര്‍ത്തുമാണ് ബാങ്കിനെ തകര്‍ത്തത് എന്നാണ് വിലയിരുത്തല്‍.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ 2021-ല്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. 2022 ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഇതിന്റെ തുടര്‍നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
2005 മുതല്‍ 2021 ഡിസംബര്‍ വരെ നിക്ഷേപത്തില്‍ നിന്ന് വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളില്‍ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്. നിക്ഷേപത്തില്‍ നിന്ന് ചിട്ടികളിലേയ്ക്ക് വകമാറ്റിയത് 10 കോടിയും. 2005-06 വര്‍ഷത്തില്‍ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേയ്ക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെക്കിട്ടാനാകാത്തവിധം നഷ്ടമായിരിക്കുന്നത്. 2021-ല്‍ ബാങ്കിന്റെ പ്രതിസന്ധി വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും, അതിനെയൊക്കെ അതിജീവിക്കുമെന്ന പ്രതീക്ഷയായിരുന്നു നിക്ഷേപകര്‍ക്ക്.
കഴിഞ്ഞ കുറച്ചുകാലമായി നിക്ഷേപകര്‍ പണത്തിനായി ബാങ്കിനെ സമീപിക്കുമ്പോള്‍, പല തവണയായി അവധി പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയാണ്. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെപ്പോലും വെറും കൈയ്യോടെയാണ് ബാങ്ക് തിരിച്ചയയ്ക്കുന്നത്. കേരളാ ബാങ്കില്‍ നിന്നുള്ള ഫണ്ട് വൈകുന്നതും കടാശ്വാസ കമ്മിഷന്‍ അനുവദിച്ച തുക സര്‍ക്കാര്‍ കൈമാറാത്തതുമാണ് പ്രതിസന്ധിയെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാല്‍ എത്ര തുക കിട്ടിയാലും കരകയറാനാകാത്തവിധം സാമ്പത്തിക അടിത്തറ തകര്‍ന്ന നിലയിലാണ് കണ്ടല ബാങ്കെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.
Content Highlights: Kandala Bank Scam former president Bhasurangan expelled from CPI