കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ മൂന്നാമതും ചോദ്യംചെയ്യാന്‍ ED; നാളെ ഹാജരാകാന്‍ നിര്‍ദേശം

കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi
കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായ ഭാസുരാംഗനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാംതവണയാണ് ഭാസുരാംഗനെ ഇ.ഡി. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. 

ബാങ്ക് തട്ടിപ്പിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ഭാസുരാംഗനെ തിങ്കളാഴ്ച എട്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതില്‍ വ്യക്തത വരുത്താന്‍ ബുധനാഴ്ച വീണ്ടും വിളിപ്പിച്ചു. ബുധനാഴ്ച 11 മണിയോടെ ഭാസുരാംഗനും മകന്‍ അഖില്‍ജിത്ത്, മകള്‍ അഭിമ എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യല്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ടു. 

ബുധനാഴ്ച ചില രേഖകളുമായി എത്താനാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ചയും ഭാസുരാംഗനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭാസുരാംഗന്റെയും മകന്റെയുമുള്‍പ്പെടെ ഇടപാടുകളും ബാങ്ക് അക്കൗണ്ട് രേഖകളും ഭൂമിയിടപാട് സംബന്ധിച്ചും ബിസിനസ് സംബന്ധിച്ചുമുള്ള രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. വാഹനങ്ങള്‍ വാങ്ങിയതിന്റെ രേഖകള്‍ നേരത്തേ ഇ.ഡി. കണ്ടെത്തിയിരുന്നു.
 

Content Highlights: kandala bank fraud case, ed questioning, bhasurangan