എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തിയില്ല; കല്‍പറ്റ നഗരസഭയില്‍ ബന്ധുനിയമനം ആരോപിച്ച് CPM

കല്പറ്റ: കല്പറ്റ നഗരസഭയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് ചെയർമാനും വൈസ് ചെയർപേഴ്‌സണുംചേർന്ന് സ്വന്തക്കാരെ നിയമിച്ചതായി സി.പി.എം. മുനിസിപ്പൽ കമ്മിറ്റി. വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയതിന്റെ മറവിലാണ് ഈ ക്രമക്കേട്. വൈസ് ചെയർമാന്റെ മകന്റെ ഭാര്യയെയും ചെയർമാന്റെ ബന്ധുവിനെയുമാണ് നിയമിച്ചതെന്ന് ഏരിയാസെക്രട്ടറി വി. ഹാരിസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഡേറ്റ എൻട്രി ഓപ്പറേറ്റർമാരായി നിയമിച്ചവർക്ക് അതിനുള്ള യോഗ്യതയില്ല. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാണ് നിയമനം നടത്തേണ്ടതെന്ന വ്യവസ്ഥ കല്പറ്റയിൽ പാലിച്ചില്ല.
നഗരസഭയിൽ വികസനപ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് മാത്രമല്ല അഴിമതിയാണ് മുഴുവൻ. ഗ്രീൻബെൽറ്റ് പ്രദേശത്ത് നൽകാവുന്നതിന്റെ പത്തുമടങ്ങാണ് നിർമാണത്തിന് അനുമതി നൽകിയത്. മാലിന്യസംസ്കരണ സംവിധാനവും താറുമാറായി. ഈ പ്രശ്നങ്ങളെല്ലാം ഉയർത്തിക്കാട്ടി ഡിസംബർ 17 മുതൽ 19 വരെ കാൽനടപ്രചാരണജാഥ നടത്തും.
26-ന് നഗരസഭാ ഓഫീസ് മാർച്ചും നടത്തും. പത്രസമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ശിവരാമൻ, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, കെ. അബു, എ. ഗിരീഷ് എന്നിവരും പങ്കെടുത്തു.
Content Highlights: kalpetta municipality employment exchange nepotism