നരഭോജിക്കടുവയെ കണ്ടെത്താനായില്ല; അഞ്ച് ലൈവ് സ്ട്രീം ക്യാമറകള്‍കൂടി സ്ഥാപിച്ചു

കാളികാവ് (മലപ്പുറം): അടയ്ക്കാക്കുണ്ട് മലവാരത്തിലെ നരഭോജിക്കടുവയെ പിടികൂടാതെ പിന്നോട്ടില്ലെന്ന് വനംവകുപ്പ്. കടുവയെ കണ്ടെത്താനായി ലൈവ് സ്ട്രീം ക്യാമറ ഉള്‍പ്പെടെ കൂടുതല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു. അതേസമയം, നാലാം ദിവസത്തെ തിരച്ചിലില്‍ വ്യക്തമായ സൂചനകളൊന്നും കിട്ടിയില്ല. ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലി കൊല്ലപ്പെട്ട മലവാരത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി അഞ്ച് ലൈവ് സ്ട്രീം ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചത്. ലൈവ് സ്ട്രീം ക്യാമറകള്‍ ദൃശ്യങ്ങള്‍ക്കുപുറമെ ശബ്ദംകൂടി പിടിച്ചെടുത്ത് തത്സമയം കൈമാറാന്‍ കഴിയും.
മലയുടെ പുറത്താണെങ്കിലും വിവരം ലഭിച്ചാല്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയും. പരിശോധനയ്ക്ക് ഡ്രോണും ഉപയോഗിക്കുന്നുണ്ട്. ആദ്യഘട്ടം സ്ഥാപിച്ച 50 ക്യാമറകളുടെ സഹായവും പ്രയോജനപ്പെടുത്തും. ക്യാമറകളിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചാണ് മൃഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നത്. മൂന്നാമത്തെ കൂടും സ്ഥാപിച്ചതായി നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍ പറഞ്ഞു. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കൂടുതല്‍ ആളുകളെ വിന്യസിപ്പിക്കുമെന്നും നാട്ടുകാരുടെ ആശങ്കയകറ്റാന്‍ ബോധവത്കരണം നടത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. റബ്ബര്‍ത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വളര്‍ന്ന അടിക്കാടുകള്‍ കുങ്കിയാനകള്‍ക്ക് തടസ്സമാണെന്നും ഡിഎഫ്ഒ പറഞ്ഞു.
നാലുദിവസം പിന്നിട്ടിട്ടും കടുവയെ പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വന്യജീവി സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ പുറത്തിറങ്ങരുതെന്ന ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നത് ആളുകള്‍ക്ക് പ്രയാസമായിട്ടുണ്ട്. തോട്ടംമേഖലയിലെ തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട നിലയിലാണ്. റബ്ബര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയവയുള്ള ചെറുകിട തോട്ടമുടമകളും കടുത്ത പ്രതിസന്ധിയിലാണ്.
കടുവയെ പെട്ടെന്ന് പിടികൂടി ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട് അടയ്ക്കാക്കുണ്ടുകാര്‍ കാളികാവിലേക്ക് പ്രതിഷേധപ്രകടനം നടത്തി.
Content Highlights: kalikavu man eater tiger not yet trapped