കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം CPM-നെ തിരിഞ്ഞുകുത്തുന്നു; അന്വേഷണം പാര്‍ട്ടി അനുകൂല പേജുകളിലേക്ക്

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി ഉയർന്ന കാഫിർ വാട്‌സാപ്പ് സന്ദേശവിവാദം സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നു. വിവാദസന്ദേശം ഇട്ടയാളെന്ന് സി.പി.എം. ആരോപിച്ച എം.എസ്.എഫ്. ജില്ലാസെക്രട്ടറി പി.കെ. മുഹമ്മദ് കാസിമിന് പ്രഥമദൃഷ്ട്യാ ഇതിൽ പങ്കില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതാണ് ആദ്യതിരിച്ചടി. കേസിന്റെ അന്വേഷണമുന സി.പി.എം. അനുകൂല സൈബർപേജുകളിലേക്ക് നീണ്ടത് അടുത്ത തിരിച്ചടി.

സന്ദേശം പുറത്തുവന്നതുമുതൽ യു.ഡി.എഫിനെതിരേ വ്യാപകമായ പ്രചാരണമായിരുന്നുനടന്നത്. മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിക്കുകയും കോടതിനിർദേശപ്രകാരം പോലീസ് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ സി.പി.എം. പ്രതിരോധത്തിലായി.

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ മുഹമ്മദ് കാസിം പോസ്റ്റ് ചെയ്ത സന്ദേശമെന്ന പേരിലാണ് വ്യാജസന്ദേശം ഏപ്രിൽ 25-ന് പ്രചരിച്ചത്. എന്നാൽ, കാസിമിന്റെ ഫോണിൽനിന്ന് ഇത്തരമൊരു സന്ദേശം പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് വന്നതെന്നാണ് ആരോപണം. ഇതിൽ വ്യക്തത വരുത്താൻ പോലീസ് ഫെയ്‌സ്ബുക്കിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. വിവാദപോസ്റ്റിട്ട പോരാളി ഷാജിയുടെ പേജിന്റെ വിവരങ്ങളും തേടി.

ഇത് രണ്ടും സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജുകളാണ്. ഫെയ്‌സ്ബുക്ക് അതോറിറ്റിയിൽനിന്ന് വിവരങ്ങൾ കിട്ടുന്നതുപ്രകാരം പ്രതികളെ അറസ്റ്റുചെയ്യുമെന്ന് കോടതിയെ പോലീസ് അറിയിച്ചത്. മുഹമ്മദ് കാസിമിന്റെ പേരിലുള്ള ഫോൺനമ്പറുകൾ ഏതെല്ലാം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉണ്ടെന്ന വിവരവും യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടോ ഇല്ലയോ എന്ന വിവരവും തേടിയിട്ടുണ്ട്.

കേസിൽ മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തു. ലതിക വിവാദസന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റുചെയ്തു എന്ന മൊഴിയെത്തുടർന്നാണിത്. വിവാദസന്ദേശം പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പേജിൽനിന്ന് നീക്കംചെയ്യണമെന്ന് പോലീസ് നിരന്തരം ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടെന്ന് പറയുമ്പോഴും ലതികയുടെ പേജിൽനിന്ന് ഇതുവരെ സന്ദേശം നീക്കിയിട്ടില്ല. ഇതേക്കുറിച്ച് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശവുമില്ല.

ഇതിനെതിരേ മുസ്‌ലിംലീഗും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. ഇത് സി.പി.എമ്മിനെതിരേയുള്ള ആയുധമായി നിയമപരമായും രാഷ്ട്രീയമായും ഉയർത്തിക്കൊണ്ടുവരാനുളള ഒരുക്കത്തിലാണ് യു.ഡി.എഫ്. പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൻമേലുളള വാദം 28-ന് നടക്കും. റിപ്പോർട്ട് കോടതി പരാതിക്കാർക്ക് നൽകിയിട്ടുണ്ട്. ഇതിൻമേൽ മറുപടി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമനടപടി തുടരും

മുഖ്യമന്ത്രി പിണറായി വിജയൻ മതേതരത്വത്തിനുവേണ്ടി പറയുന്നത് ആത്മാർഥതയോടെയാണെങ്കിൽ വടകരയിലെ കാഫിർ വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ പിടികൂടാനുള്ള ഉത്തരവ് പോലീസിന് നൽകണം. പോലീസ് ഒത്തുകളി തുടർന്നാൽ ഇക്കാര്യത്തിൽ നിയമ, രാഷ്ട്രീയ പോരാട്ടം തുടരും. ഫെയ്സ്ബുക്ക് കനിഞ്ഞാലേ ഉത്തരവാദപ്പെട്ടവരെ കണ്ടെത്താനാവൂ എന്ന വാദം, പ്രതികൾ ആരെന്ന് പോലീസിനും സി.പി.എമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാനുള്ള അവസാനശ്രമമാണ്. ആ അഡ്മിനെയും സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കെ.കെ. ലതികയെയും ചോദ്യംചെയ്താൽ ഇതെവിടുന്നുവന്നു എന്നു മനസ്സിലാവും.

-ഷാഫി പറമ്പിൽ എം.പി.

Content Highlights: kafir screenshot controversy