കാഫിർ സ്ക്രീൻഷോട്ട്: പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യംവിളിച്ച് സ്വീകരിച്ച് സിപിഎം നേതാക്കൾ

#സ്വന്തം ലേഖകൻ
ജിതിൻ ഭാസ്കറുമായി നഗരത്തിൽ പ്രകടനം നടത്തുന്ന സിപിഎം പ്രവർത്തകർ
ജിതിൻ ഭാസ്കറുമായി നഗരത്തിൽ പ്രകടനം നടത്തുന്ന സിപിഎം പ്രവർത്തകർ

വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച ഉച്ചയോടെ ജയിൽ മോചിതനായി. വെള്ളിയാഴ്ച തന്നെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ശനിയാഴ്ച ഉച്ചയോടെയാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്.

ജയിൽ മോചിതനായ ജിതിൻ ഭാസ്‌കറെ സിപിഎം നേതാക്കൾ എത്തി മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. വടകര നഗരത്തിലൂടെ പ്രകടനവും നടത്തി. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽവെച്ച് പ്രത്യേക സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

കേസിൽ അറസ്റ്റിലായതിന് ശേഷം പ്രതി ജിതിൻഭാസ്‌കർ കഴിഞ്ഞ 16 ാം തീയതി മുതൽ റിമാൻഡിലായിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന ജിതിൻ ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേർക്ക് സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്.

ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. 'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ.

ഇതിന് പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേക്കും ഈ സ്‌ക്രീൻഷോട്ട് ഫോർവേഡ് ചെയ്യപ്പെടുകയായിരുന്നു. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. മുഹമ്മദ് കാസിമിനെ എസ്‌ഐടി കഴിഞ്ഞ ദിവസം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

Content Highlights: Jithin Bhaskar released on bail after being remanded since the 16th. CPM leaders organized a public reception and procession in Vadakara. Police investigation confirmed Jithin as the administrator of the 'Vadakara Squad' WhatsApp group. Youth League worker Muhammad Qasim removed from the accused list by the SIT.