സിഗരറ്റ് കൊണ്ടു പൊള്ളിച്ചു, തടയാനെത്തിയ മകനെ മര്‍ദ്ദിച്ചു; കഠിനംകുളം കേസിലെ യുവതിക്ക് പറയാനുള്ളത്

തിരുവനന്തപുരം: ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ക്രൂരമായി ഉപദ്രവിച്ചെന്നും തുടയിലും മറ്റും സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്നും അതിക്രമത്തെ അതിജീവിച്ച യുവതി. നിര്‍ബന്ധിച്ച് ഭര്‍ത്താവ് മദ്യം നല്‍കിയെന്നും നാല് വയസ്സുള്ള മകനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
യുവതിയുടെ വാക്കുകള്‍
ഭര്‍ത്താവാണ് എന്നെക്കൊണ്ട് ആദ്യം മദ്യം കുടിപ്പിച്ചത്.പിന്നീട് ഭര്‍ത്താവും സുഹൃത്തുക്കളും ഇളയ മകനെയും കൂട്ടി പുറത്ത് പോയി. എന്നിട്ട് വെള്ളം എടുക്കാനെന്ന് പറഞ്ഞ് അവരില്‍ ഒരാള്‍ അകത്ത് കയറി തോളില്‍ കയ്യിട്ടു. തുടര്‍ന്ന് ഞാന്‍ അവിടെ നിന്നുമോടി. അതിനിടെ ചേച്ചീടെ ഭര്‍ത്താവ് വഴക്കുണ്ടാക്കുകയാണെന്ന് ഒരു പയ്യന് എന്നോടു വന്നു പറഞ്ഞു. എന്നിട്ട് ഓട്ടോയില്‍ എന്നെയും നാല് വയസ്സുള്ള മൂത്ത മകനെയും വലിച്ചു കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി കുറെ ഉപദ്രവിച്ചു.
കടിക്കുകയും തുടയിലും കാലിലും പൊള്ളിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട ഞാന്‍ മകനെ മര്‍ദ്ദിക്കുന്ന ശബ്ദം കേട്ടാണ് പിന്നീട് ഉണരുന്നത്. എന്റെ മകനെ വീട്ടിലാക്കി ഞാന്‍ വരാമെന്ന് അവരോട് കള്ളം പറഞ്ഞാണ് അവിടെ നിന്ന് ഞാന്‍ രക്ഷപ്പെടുന്നത്. ഓടി രക്ഷപ്പെട്ട ഞാന്‍ റോഡല്‍ കണ്ട ചെറുപ്പക്കാരുടെ അരികില്‍ അഭയം തേടുകയായിരുന്നു, യുവതി പറഞ്ഞു.
കൊണ്ടുപോയപ്പോള്‍ നാല് പേരെ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് ആറേഴ് പേരുണ്ടായിരുന്നു എന്നും യുവതി പറഞ്ഞു
സംഭവത്തിനു ശേഷം അമിതമായി മദ്യപിച്ച് വന്ന ഭര്‍ത്താവ് പോലീസിനോട് ഒന്നും തുറന്നു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി കൂട്ടിച്ചേര്‍ത്തു.
content highlights: Kadinamkulam mass rape case survivor speaks about the incident
Content Highlights: