തിരഞ്ഞെടുപ്പ് കോഴ; കോടതി ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന് ഹാജരായില്ല, കേസ് നിയമാനുസൃതമല്ലെന്ന് വാദം

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതി ആവശ്യപ്പെട്ടിട്ടും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ട് ഹാജരായില്ല. കേസില്‍ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ വാദം.
വിടുതല്‍ ഹര്‍ജിയില്‍ വിശദമായ വാദം ഒക്ടോബര്‍ നാലിന് നടക്കും. കെ. സുന്ദരയോടും ഒക്ടോബര്‍ നാലിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. പ്രതികള്‍ ഇന്ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
Content Highlights: k surendran, manjeswaram bribery case