'മദ്യപിച്ച് വാഹനമോടിച്ചു എന്നത് നിലനില്‍ക്കില്ല'; ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ഹര്‍ജി നല്‍കി

Sriram Venkitaraman | Photo:Aji VK|Mathrubhumi
Sriram Venkitaraman | Photo:Aji VK|Mathrubhumi

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിസ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

പോലീസ് കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ഒരിടത്തും തന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി പറയുന്നില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതിനാല്‍, മദ്യപിച്ച് വാഹനമോടിച്ചു എന്നത് നിലനില്‍ക്കില്ലെന്നാണ് ശ്രീറാമിന്റെ വാദം. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്.

ശ്രീറാമിനുവേണ്ടി അഭിഭാഷകന്‍ വാദം തുടങ്ങിയപ്പോള്‍തന്നെ സര്‍ക്കാര്‍ഭാഗംകൂടി കേട്ടിട്ടേ ഹര്‍ജിയില്‍ തീരുമാനമെടുക്കാനാകൂ എന്ന് ജഡ്ജി വ്യക്തമാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്തമാസം 14-ലേക്ക് മാറ്റിവെച്ചു.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കേസ്.

Content Highlights: K.M Basheer case Sriram Venkitaraman