'യുദ്ധമുഖത്തെ പോരാളി ഇടയ്ക്കുവെച്ച് പിന്മാറില്ല'; രാജി വാർത്ത തള്ളി കെ. ജയകുമാർ

തിരുവനന്തപുരം: രാജിവെക്കുമെന്ന വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. യുദ്ധമുഖത്തുള്ള പോരാളിയാണ് താനെന്നും പാതിവഴിയിൽ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേരിൽ അഴിമതിയും അനാവശ്യ ഇടപെടലുകളും അനുവദിക്കില്ലെന്നും ജയകുമാർ വ്യക്തമാക്കി. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.
'ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. 2027 നവംബർ വരെയാണ് എന്റെ കാലാവധി. ഈ കാലാവധി പൂർത്തിയാക്കി, ദേവസ്വം ബോർഡിന്റെ ഭരണപരമായ കാര്യങ്ങൾക്ക് വ്യക്തതയും കൃത്യതയും വരുത്തിയതിന് ശേഷം മാത്രമേ ഞാൻ സ്ഥാനമൊഴിയുകയുള്ളൂ.' -ജയകുമാർ പറഞ്ഞു. സർക്കാരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, താൻ സർക്കാരിന് അപ്രിയനായ വ്യക്തിയാണെന്ന ധാരണ തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ തിരുവോണ സദ്യയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം ബോർഡിനെ വിമർശിച്ചിരുന്നു. ഇതിന് കെ. ജയകുമാർ മറുപടിയും പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രസിഡന്റിന്റെ രാജി വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രചരിച്ചത്. സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെന്നും അത് പരിശോധിക്കാമെന്നും കെ. ജയകുമാർ പ്രതികരിച്ചു.
അതേസമയം, ദേവസ്വം ബോർഡ് അറിയാതെ ശബരിമലയിൽ ദേവസ്വം മന്ത്രിക്കായി ക്യാമ്പ് ഓഫീസ് ഗാർഡിനെ നിയമിച്ച സർക്കാർ നടപടിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരം പുനലൂർ സബ് ഗ്രൂപ്പിലെ ഗാർഡായ ഉല്ലാസിനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ശബരിമലയിൽ ഇത്തരമൊരു ക്യാമ്പ് ഓഫീസ് ഗാർഡ് ഉണ്ടായിരുന്നില്ല. ബോർഡ് അറിയാതെയാണ് നിയമനം നടന്നതെങ്കിലും ഇതിൽ വലിയൊരു ക്രമക്കേട് ഉള്ളതായി കരുതുന്നില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട് അഴിമതിയോ ക്രമക്കേടുകളോ ഒരു തരത്തിലും അനുവദിക്കില്ലെന്ന് കെ. ജയകുമാർ ഊന്നിപ്പറഞ്ഞു. ശബരിമലയെ വലിയ യുദ്ധമുഖമായാണ് താൻ കാണുന്നത്. 'ഈ യുദ്ധമുഖത്ത് പൊരുതുന്ന ഒരു പോരാളി ഒരിക്കലും പാതിവഴിയിൽ പിന്മാറില്ല. യുദ്ധം തീർന്ന്, ഇതിലൊരു തീരുമാനമായിട്ട് മാത്രമേ ഞാൻ പിന്മാറുകയുള്ളൂ.' -അദ്ദേഹം പറഞ്ഞു.
Content Highlights: Travancore Devaswom Board President K Jayakumar dismissed reports of his resignation amid disagreements with the government, asserting that he will serve his full term until November 2027 and maintain zero tolerance for corruption.