അജ്ഞാത ജഡങ്ങള്‍ക്കു കൂട്ടായ ജയചന്ദ്രന്‍ ചികിത്സയ്ക്കു പണമില്ലാതെ വലയുന്നു

ജില്ലാ ആശുപത്രിയിൽ മാലിന്യം കത്തിക്കുന്ന ജയചന്ദ്രൻ
ജില്ലാ ആശുപത്രിയിൽ മാലിന്യം കത്തിക്കുന്ന ജയചന്ദ്രൻ

കൊല്ലം:ചീഞ്ഞഴുകി ആരും തൊടാന്‍ മടിക്കുന്ന ജഡങ്ങള്‍ ജയചന്ദ്രന്‍ അറപ്പില്ലാതെ, ഭയമില്ലാതെ നേരാംവണ്ണം സംസ്‌കരിക്കും. ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കുന്നതും മാലിന്യ ടാങ്കുകളിലേക്കുള്ള തടസ്സം നീക്കി ശൗചാലയങ്ങളുടെ പ്രവര്‍ത്തനം ശരിയാക്കുന്നതും ജയചന്ദ്രനാണ്. ഈ സേവനപാതയില്‍ അസുഖം വില്ലനായപ്പോള്‍ ചികിത്സയ്ക്കു പണമില്ലാതെ കൈമലര്‍ത്താനേ അയാള്‍ക്കാകുന്നുള്ളൂ...

അജ്ഞാതജഡങ്ങള്‍ക്ക് കൂട്ടായ ഈ യുവാവ് നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനുമുമ്പ് ഇത്തരം ജോലികള്‍ ചെയ്തിരുന്ന സന്തോഷും വാര്‍ത്തകളിലുണ്ടായിരുന്നു. വേതാളകഥയല്ലിത് ജീവിതം എന്ന ക്യാപ്ഷനോടുകൂടി വന്ന ആ 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്ന് സന്തോഷിന് ജില്ലാ ആശുപത്രിയില്‍ ജോലി കിട്ടി.

അച്ഛനുമമ്മയും ചെറുപ്പത്തിലേ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന്, ബന്ധുവായ സന്തോഷിന്റെ സഹായിയായി നിന്ന ജയചന്ദ്രന്‍ പിന്നെ ഈ ജോലിയില്‍ തുടര്‍ന്നു. ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ താത്കാലിക ജോലിക്കാരനുമായി. ആരും മടിക്കുന്ന ജോലികളായി ഇയാളുടെ ഉപജീവനമാര്‍ഗം.

ജോലിക്കിടയില്‍ ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ബോധംകെട്ടു വീണപ്പോള്‍ ആശുപത്രിയിലായി. പരിശോധനയില്‍ തലച്ചോറിലാണ് പ്രശ്‌നം. ശ്രീചിത്രയില്‍ പോയി ഓപ്പറേഷന്‍ നടത്തണം. എട്ടുലക്ഷം രൂപയാകും. നേരത്തേ ശ്രീനാരായണ കോളേജ് മാഗസിനില്‍ ജയചന്ദ്രനെപ്പറ്റി കുറിപ്പു വന്നിരുന്നു. അതുകണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് വീടുവെച്ചുകൊടുത്തത്.

ഈ താത്കാലിക ജോലികൊണ്ട് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തെ മുന്നോട്ടു നയിക്കുന്നതുതന്നെ പാടുപെട്ടാണ്. ഭാര്യക്ക് നേരത്തേ കശുവണ്ടി ഫാക്ടറിയില്‍ ജോലിയുണ്ടായിരുന്നു. ഫാക്ടറി പൂട്ടിയതോടെ അതു പോയി. ആശുപത്രിയിലെ ജീവനക്കാരും സുഹൃത്തുക്കളും സഹായിച്ചാണ് ഇതുവരെയുള്ള പരിശോധനകള്‍ നടത്തിയത്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് തലവേദന സഹിച്ചും ജോലിയില്‍ തുടരുകയാണ്. ശസ്ത്രക്രിയയ്ക്ക് എങ്ങിനെ പണം കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് ജയചന്ദ്രന്‍. ഇന്ത്യന്‍ ബാങ്ക് കൊല്ലം ശാഖയില്‍ ജയചന്ദ്രന്റെ പേരില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 617310219. ഐ.എഫ്.എസ്.സി.: IDIB000M170

Content Highlights: jayachandran from kollam seeking help for treatment