മണിപ്പുരിൽ ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം; ഓർത്തഡോക്സ് സഭയ്ക്കുപിന്നാലെ നിലപാടുമാറ്റി യാക്കോബായ സഭയും

ജോസഫ് മാർ ഗ്രി​ഗോറിയോസ് മെത്രാപൊലീത്ത
ജോസഫ് മാർ ഗ്രി​ഗോറിയോസ് മെത്രാപൊലീത്ത

തിരുവനന്തപുരം: മണിപ്പുർ വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും. മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ​ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ​ഗ്രി​ഗോറിയോസ് മെത്രാപൊലീത്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിൽ ഉണ്ടെന്നുപറഞ്ഞ അദ്ദേഹം, കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. 

മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവതിന്റെ നിലപാട് ശരിയെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുരിലെ തർക്കപരിഹാരത്തിന് കേന്ദ്ര സർക്കാർ മുൻ​ഗണന നൽകണമെന്നു പറഞ്ഞ മോഹൻ ഭാ​ഗവത്, പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയതിനെ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കേരളത്തിൽനിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ​ഗ്രി​ഗോറിയോസ് മെത്രാപോലീത്ത കൂട്ടിച്ചേർത്തു. 

അതേസമയം, മണിപ്പുരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന നിലപാടായിരുന്നു ക്രൈസ്തവ സഭകളെല്ലാം സ്വീകരിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ, രണ്ടു പ്രധാന സഭകളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. മണിപ്പുരിലുണ്ടായത് രണ്ട് ​ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. 

മണിപ്പുരിലേത് ​ഗോത്രവർ​ഗങ്ങൾ തമ്മിലുള്ള അടിയായി മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാ​ഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ​ഗോത്രം മറ്റേ ​ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ​ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്, എന്നായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ പറഞ്ഞത്.
 

Content Highlights: Jacobite Church changed its stance after the Orthodox Church on manipur