ഓട്ടത്തിനിടെ അഗ്നിരക്ഷാനിലയത്തിന് മുൻപിൽ കാറിന് തീപ്പിടിച്ചു; സേനാംഗങ്ങളുടെ ഇടപെടലിൽ ദുരന്തം ഒഴിവായി

#ന്യൂസ് ഡെസ്ക്
ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് മുന്നിലെത്തിയ കാറിൽനിന്ന് തീയും പുകയും ഉയർന്നപ്പോൾ അണയ്ക്കാനുള്ള ശ്രമം
ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് മുന്നിലെത്തിയ കാറിൽനിന്ന് തീയും പുകയും ഉയർന്നപ്പോൾ അണയ്ക്കാനുള്ള ശ്രമം

ഇരിട്ടി: അഗ്‌നിരക്ഷാനിലയത്തിന് മുന്നിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിൽനിന്ന് പുകയുയരുന്നത് കണ്ട അഗ്‌നിരക്ഷാസേനാംഗങ്ങൾ ശബ്ദമുണ്ടാക്കി കാർ നിർത്തിച്ചാണ് വൻ അപകടം ഒഴിവാക്കിയത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. ഇരിട്ടി പയഞ്ചേരി സ്വദേശിയായ റിട്ട. എസ്‌ഐ തോമസ് ചെമ്പകശേരി (64) ആണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇരിട്ടി സബ്ട്രഷറിയിൽ കാറുമായെത്തിയതായിരുന്നു തോമസ്. ട്രഷറിക്ക് മുന്നിലെ പാർക്കിങ് ഗ്രൗണ്ടിലെ തിരക്കുകാരണം നേരംപോക്ക് റോഡിലുള്ള അഗ്‌നിരക്ഷാനിലയത്തിന് മുന്നിലെത്തി തിരിച്ചുപോവുന്നതിനിടെയാണ് കാറിന്റെ മുൻഭാഗത്തുനിന്ന് പുകയുയരുന്നത് അഗ്‌നിശമനസേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ശബ്ദമുണ്ടാക്കി കാർ നിർത്തിച്ചു. തോമസിനെ പുറത്തിറക്കിയപ്പോഴേക്കും തീ പടരാൻ തുടങ്ങിയിരുന്നു. അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് പെട്ടെന്ന് തീ കെടുത്താനായതിനാൽ തോമസിന്റെ ജീവനും കാറും രക്ഷിക്കാനായി. കാറിന്റെ എസി കംപ്രസറിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായത്. ഇരിട്ടി അഗ്‌നിരക്ഷാനിലയം അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, എൻ.ജെ. അനു, സി.വി. സൂരജ്, പി.കെ. രാജേഷ്, ടി. ശ്രീജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ആ തോന്നൽ തോമസിന്റെ ജീവൻ രക്ഷിച്ചു

തോമസ് ചെമ്പകശേരി എപ്പോഴും കാറുമായാണ് ഇരിട്ടി ട്രഷറിയിൽ എത്താറ്. പതിവുപോലെ ട്രഷറിക്ക് മുന്നിലെ പാർക്കിങ് ഗ്രൗണ്ടിലേക്ക് കടക്കാൻ നോക്കിയെങ്കിലും അവിടുത്തെ തിരക്ക് കാരണം ഗ്രൗണ്ടിലേക്കുള്ള വഴിയിൽ നിർത്തി. അല്പനേരം കഴിഞ്ഞപ്പോൾ മനസിൽ തോന്നിയ കാര്യമാണ് ജീവൻ രക്ഷിച്ചത്. 150 മീറ്റർ അകലെയുള്ള അഗ്‌നിരക്ഷാനിലയത്തിന് മുന്നിലെത്തി തിരിച്ചു വരുമ്പോഴേക്കും പാർക്കിങ് ഗ്രൗണ്ടിൽ സ്ഥലം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് വണ്ടി മുന്നോട്ടെടുത്തത്. അഗ്‌നിരക്ഷാ നിലയത്തിന് മുന്നിൽ നിന്ന് തിരിച്ച് മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് പുക ഉയരുന്നത് അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാർ കണ്ടത്. പുറത്തേക്കോടി വന്ന അവരുടെ ബഹളം കേട്ടാണ് തോമസ് കാർ നിർത്തിയത്.

Content Highlights: A car caught fire near the Iritti Fire Station. Alert firefighters quickly intervened, preventing a major accident and saving the driver. Incident details here.