'സേനയെ ഇകഴ്‌ത്താൻ അൻവറിനൊപ്പം ചേർന്നു'; പോലീസുകാർക്കുനേരേ അന്വേഷണം

കോഴിക്കോട്: കേരള പോലീസിനും മലപ്പുറം മുൻ പോലീസ് സൂപ്രണ്ട് സുജിത്ത് ദാസിനുമെതിരേ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച പോലീസുകാർക്കുനേരേ അന്വേഷണം.
പോലീസിനെ മോശമായി ചിത്രീകരിക്കാൻ നേരത്തേ നടപടിക്ക് വിധേയരായ പോലീസുകാർ ഗൂഢാലോചന നടത്തിയെന്നും അതിൽ അൻവർ എം.എൽ.എ.യും യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസും ഭാഗമായെന്നുമുള്ള വിവരത്തെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണത്തിന്റെ പ്രാഥമികറിപ്പോർട്ടിൽ കോഴിക്കോട് വിമാനത്താവളത്തിലും മലപ്പുറം ജില്ലയിലെ വിവിധ ഹോട്ടലുകളിലുമുൾപ്പെടെ എട്ടിടങ്ങളിൽവെച്ച് ഗൂഢാലോചന നടന്നതായി വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ പതിനഞ്ചുപേരുടെ പങ്കാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം വകുപ്പുതലനടപടി നേരിട്ടവരുമാണ്.
സൂപ്രണ്ട് റാങ്കിൽ പ്രവർത്തിച്ച രണ്ടുപേരും ഗൂഢാലോചനയിലും വിവരങ്ങൾ ചോർത്തിനൽകിയതിലും ഭാഗമായിട്ടുണ്ടെന്ന വിവരവുമുണ്ട്. പോലീസിൽ പ്രവർത്തിച്ച് പിന്നീട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗമായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേയ് 29-നും 30-നുമായി എടവണ്ണപ്പാറയിൽവെച്ചാണ് പ്രധാന ഗൂഢാലോചന നടന്നത്. പന്ത്രണ്ടുപേർ പങ്കെടുത്തു.
ജൂൺ ഒൻപതിന് കൊണ്ടോട്ടിയിലെ ഒരു വീട്ടിൽവെച്ച് സംഘത്തിലെ ഒൻപതുപേർ ഒന്നിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സംഘത്തിലെ ചിലർ വാട്സാപ്പിലൂടെ സുപ്രധാന വിവരങ്ങൾ കൈമാറി.
ഓഗസ്റ്റ് 24-നും സെപ്റ്റംബർ 16-നും കോഴിക്കോട് വിമാനത്താവളത്തിൽവെച്ചും കൂടിക്കാഴ്ചകൾ നടന്നതായാണ് കണ്ടെത്തൽ. മലപ്പുറം എസ്.പി. ഓഫീസിലെ മരംമുറി ഉൾപ്പെടെയുള്ളവയെക്കുറിച്ചുള്ള തെളിവ് ചോർന്നതിലും അന്വേഷണമുണ്ട്.
Content Highlights: Investigation against the policemen who acted behind allegations against Police and Sujith Das