ശങ്കരനാരായണന്‍; അമ്മയെക്കാള്‍ കരുതലുള്ള ഒരച്ഛന്‍ | അഭിമുഖത്തിന്റെ ഓര്‍മ്മ

മകള്‍ കൃഷ്ണപ്രിയയുടെ ഫോട്ടോയുമായി ശങ്കരനാരായണന്‍ ഫയല്‍ ചിത്രം
മകള്‍ കൃഷ്ണപ്രിയയുടെ ഫോട്ടോയുമായി ശങ്കരനാരായണന്‍ ഫയല്‍ ചിത്രം

2016-ല്‍ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശങ്കരനാരായണനെ അഭിമുഖം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. കേസില്‍ കോടതി വെറുതെ വിട്ട ശങ്കരനാരായണന്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മുന്‍കൂര്‍ അനുവാദം വാങ്ങി ശങ്കരനാരായണെ തേടി വണ്ടൂരിലെ വീട്ടിലെത്തിയപ്പോള്‍ പൂമുഖത്ത് ചാരുകസേരയില്‍ അദ്ദേഹം ഞങ്ങളെ കാത്തിരുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.  എന്തു ചോദിച്ചു തുടങ്ങുമെന്ന  എന്റെ ആശങ്കയെ മാറ്റി അദ്ദേഹം തന്നെ കൃഷ്ണപ്രിയക്കുറിച്ച് സംസാരിച്ചു തുടങ്ങി.  അഭിമുഖം എടുത്ത് തിരികെ പോന്നതുമുതല്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത കണ്ട നിമിഷം വരെ പെണ്‍കുട്ടികളെ ഉപദ്രവിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍, പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിയമം പലപ്പോഴും പരാജയപ്പെടുന്നത് കാണുമ്പോള്‍ ഞാന്‍ ആ അച്ഛനെ ഓര്‍ക്കും; ശങ്കരനാരായണനെ

 പെണ്‍കുട്ടികളുള്ള അച്ഛന്‍മാര്‍ കുറഞ്ഞപക്ഷം ഒരു, 'അര ശങ്കരനാരായണനായിരിക്കണമെന്ന് 'സോഷ്യല്‍മീഡിയയിലെ ചുവരെഴുത്തുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു....

കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി വെടിയേറ്റു മരിച്ച കേസ്: പിതാവ് ശങ്കരനാരായണൻ അന്തരിച്ചു

ശങ്കരനാരായണന്‍ അന്ന് സംസാരിച്ചു, കൃഷ്ണപ്രിയയെക്കുറിച്ച്, നമ്മുടെ നിയമസംവിധാനങ്ങളെക്കുറിച്ച്...

പെരുമ്പാവൂരിലെ പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്...

 ഇതിനു പിന്നില്‍ എന്തൊക്കെയൊ കളികള്‍ ഉണ്ട്. പോസ്റ്റ്‌മോർട്ടം ചെയ്ത ഉടനെ തന്നെ ആ കുട്ടിയെ സംസ്‌കരിച്ചത് പോലും സംശയിക്കപ്പെടേണ്ടതാണ്. ഇതുവരെ കാര്യമായ തെളിവുകള്‍ പോലും കണ്ടെത്താന്‍ പോലീസിനായില്ല. ഇനി പ്രതിയെ പിടിച്ചാല്‍തന്നെ തെളിവുകളില്ലെന്നു പറഞ്ഞു വെറുതെവിടും. കോടതിയെയും കുറ്റം പറയാനാകില്ല കാരണം കോടതിയ്ക്ക് വേണ്ടത് തെളിവുകളാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അച്ഛനും അമ്മയ്ക്കും സഹോദരന്‍മാര്‍ക്കുമാണ് നഷ്ടം വേറെ ആര്‍ക്കും ഒന്നുമില്ല...

കൃഷ്ണപ്രിയ മരിച്ചിട്ട് 15 വര്‍ഷത്തോളമാകുന്ന ഈ കാലയളവിനിടയില്‍ നമ്മുടെ നിയമങ്ങള്‍ ശക്തമായതായി തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല, അതുകൊണ്ടാണല്ലോ പെരുമ്പാവൂരിലെ പെൺകുട്ടിക്ക്‌ അപകടം സംഭവിച്ചത്. 15 വര്‍ഷം മുന്‍പ് ഉള്ളതിനേക്കാള്‍ ഇന്ന് പീഡനക്കേസുകള്‍ കൂടിയെന്നതാണ് ഇക്കാര്യത്തിലുണ്ടായ ഏക പുരോഗതി.

മകളുടെ മരണം, പിന്നീട് കേസ്, കോടതി, ജയില്‍ മോചനം നാട്ടുകാരുടെ സമീപനമൊക്കെ പിന്നീട് എങ്ങനെയായിരുന്നു?

നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഒരുപാട് പിന്തുണ തന്നു. ആരും കുറ്റപ്പെടുത്തിയില്ല. മുഹമ്മദ് കോയയുടെ വീടുമായി ഇപ്പോഴും ബന്ധമൊന്നുമില്ല. പക്ഷേ ബന്ധുക്കളുമൊക്കെയായി നല്ല സഹകരണമുണ്ട്....

അവന്‍... മരിക്കരുതായിരുന്നു... അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം... പിന്നീടൊരിക്കലും അവനീ പണി ചെയ്യരുത്... വേദനിച്ച് നരകിച്ച് പുഴുവരിച്ച് അവന്‍ ചാകണമായിരുന്നു...
ശങ്കരനാരായണന്റെ കണ്ഠമിടറി മകള്‍ പോയിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ ഇന്നും ഈ അച്ഛന്റെ മനസിലെ തീയണഞ്ഞിട്ടില്ല...

ഒടുവില്‍ മനസില്‍ കരുതിയ ആ ചോദ്യം ചോദിച്ചു
പെരുമ്പാവൂരിലെ പെൺകുട്ടിയുടെ അമ്മയോട് എന്താണ് പറായാനുള്ളത്?...

ഒന്നും പറയാനില്ല, ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഈ സമയത്ത് ആര് എന്ത് പറഞ്ഞാലും അവരുടെ തലയില്‍ കയറില്ല.. അനുഭവിച്ചവര്‍ക്കേ ആ അവസ്ഥ അറിയൂ.. ഒരു ആശ്വാസവാക്കും അവരുടെ മനസ് തണുപ്പിക്കില്ല...

യാത്രപറഞ്ഞ് പടിയിറങ്ങുമ്പോള്‍...വീണ്ടും ആ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി... മോളെ സൂക്ഷിക്കണേ....എന്നാ കണ്ണുകള്‍ പറയാതെ പറയുന്നുണ്ടായിരുന്നു. മകളോടുള്ള കടമവീട്ടിയ ഒരച്ഛന്റെ ചാരിതാര്‍ഥ്യവും ആ മുഖത്തുണ്ടായിരുന്നു. കാലികള്‍ മേയുന്ന പറമ്പിന്റെ ഒരു കോണില്‍ കൃഷ്ണപ്രിയ എന്ന മകള്‍  ഉറങ്ങുന്നുണ്ടാകും.. വിടരും മുമ്പെ കൊഴിഞ്ഞുവീണ കൃഷ്ണപ്രിയയ്ക്ക് മാത്രമല്ല ഒരായിരം പെണ്‍കുട്ടികളുടെ മനസില്‍ അച്ഛനെന്ന വാക്കിന്റെ പര്യായം കൂടിയാണ് ഇന്ന് ശങ്കരനാരായണന്‍... 

മകളോടുള്ള കടമ വീട്ടിയെന്ന അഭിമാനത്തോടെ എന്നോട് സംസാരിച്ച ഒരച്ഛന്റെ മുഖം ഇന്നും മനസില്‍ മങ്ങാതെയുണ്ട്. കൃതാര്‍ത്ഥനായിട്ടാകും ശങ്കരനാരായണന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുക.  ഇനി കൃഷ്ണപ്രിയമാരും ശങ്കരനാരായണന്‍മാരും ആവര്‍ത്തികപ്പെടാതിരിക്കപ്പെട്ടെ. എന്നും എപ്പോഴും നിയമവും നീതിയും പാലിക്കട്ടപ്പെടട്ടെ...

( പുനഃ പ്രസിദ്ധീകരണം 5/6/2016 )

Content Highlights: Interview with Shankara Narayanan Krishnapriya's father