സർക്കാരുകൾക്ക് കർഷകരോട് മനുഷ്യത്വമില്ലാത്ത നിലപാട്, PC ജോർജിനെ ആശീർവദിച്ചിട്ടില്ല- ബിഷപ്പ് പാംപ്ലാനി

ഫാ.ജോസഫ് പാംപ്ലാനി
ഫാ.ജോസഫ് പാംപ്ലാനി

കോട്ടയം: കര്‍ഷകരോട് സര്‍ക്കാരുകള്‍ക്ക് മനുഷ്യത്വമില്ലാത്ത നിലപാടാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ കൃത്യവിലോപമുണ്ടായി. വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

ആന വയനാട്ടില്‍ എത്തിയിട്ട് വിവരം അറിഞ്ഞില്ല. യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.

10 ലക്ഷം രൂപ പ്രഖ്യാപിച്ചത് ലജ്ജാകരമാണ്. പണമല്ല വേണ്ടത്, ജീവിക്കാന്‍ അനുവദിക്കണം. കര്‍ഷകന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാകില്ല. അവര്‍ രോഷത്തിലാണ്. അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നടന്നിട്ടില്ല. ജനാധിപത്യത്തില്‍ ജനങ്ങൾക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാണ് തിരഞ്ഞെടുപ്പെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പി.സി ജോര്‍ജ് തന്നെ വിളിച്ച് ബിജെപിയില്‍ ചേരുന്നെന്ന് അറിയിച്ചിരുന്നു. താന്‍ ആരെയും ആശീര്‍വദിച്ചിട്ടില്ലെന്നും ബിജെപിയില്‍ ചേരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ ആശീര്‍വാദത്തോടെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് നേരത്തെ പി.സി.ജോര്‍ജ് അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

മണിപ്പൂര്‍ ക്രൈസ്തവ സമൂഹത്തിന്റെ ദുഃഖമാണ്. വേണ്ടസഹായം ലഭിച്ചില്ലെന്ന് സിബിസിഐ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനെ വര്‍ഗീയ കലാപമായി മാറ്റാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം ആഗ്രഹിക്കുന്നില്ല. മണിപ്പൂര്‍ പ്രശ്‌നം ഒരു ക്രമസമാധാന പ്രശ്‌നമായി കാണണം. അങ്ങനെയാണ് വിഷയത്തില്‍ പരിഹാരം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Inhuman attitude towards farmers: PC George called, not blessed- Joseph Pamplany