കടലിനെയും തീരത്തെയും അറിയാനായി കോസ്റ്റ് ഗാർഡിന്റെ ഹോവർക്രാഫ്റ്റുകളെത്തി

#സ്വന്തം ലേഖകൻ

വിഴിഞ്ഞം: തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയിൽ ഇതാദ്യമായി കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹോവർക്രാഫ്റ്റുകൾ കടലിൽ നിന്ന് കരയിലേക്ക് എത്തി. തിരുവനന്തപുരം ജില്ലയിലെ കടലും കടൽത്തീരവും അടിയന്തരഘട്ടങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾക്കും സൈനികർക്കും എത്രത്തോളം പ്രയോജനപ്പെടുമെന്നത് പരിശോധിക്കുന്ന സേനയുടെ എയർകുഷൻ വെസലുകൾ(എസിവി) എന്ന രണ്ട് ഹോവർ ക്രാഫ്റ്റുകളാണ് അടിമലത്തുറ തീരത്ത് തിങ്കളാഴ്ച ഉച്ചയോടെ എത്തിയത്. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്‌റ്റേഷനിലിൽ നിന്ന് കമാൻഡന്റ് ബിജു ഫിലിപ്പിന്റെ നേത്യത്വത്തിലുളള സേനാംഗങ്ങൾ അടിമലത്തുറ തീരത്തെത്തി ഹോവർ ക്രാഫ്റ്റുകളിലുളള 32 സൈനികരെ സ്വീകരിച്ചു.

ഗോവയിലെ ഷിപ്പ് യാർഡിൽ പുതുതായി നിർമ്മിച്ചവയാണ് ഇവ രണ്ടും. ഇനിയും ഇത്തരത്തിലുളള ഹോവർ ക്രാഫ്റ്റുകൾ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലെത്തി സൗകര്യാർഥം കരയിലേക്ക് എത്തുമെന്നും കോസ്റ്റുഗാർഡ് അധികൃതർ പറഞ്ഞു. രണ്ട് ദിവസം അടിമലത്തുറയിൽ തങ്ങിയശേഷം തിരികെ തൂത്തുക്കുടി വഴി കൊൽക്കത്തയിലെ ഹൽദിയിലേക്ക് പോകും. ഒരു ദിവസം പരമാവധി 100 കിലോമീറ്ററാവും ഇവ സഞ്ചരിക്കുക.അടിയന്തര ഘട്ടങ്ങളിൽ സേനയെ സഹായിക്കാനും അപകടത്തിൽപ്പെട്ടുന്ന മത്സ്യത്തൊഴിലാളികൾ, സൈനികർ അടക്കമുളളവരെ രക്ഷപ്പെടുത്തുന്നതിന് അതിവേഗത്തിലെത്താനും ഇവയ്ക്ക് ശേഷിയുണ്ടെന്നും അധികൃതർ പറഞ്ഞു.

Content Highlights: First time Indian Coast Guard hovercrafts landed on the Adimalathura coast in Thiruvananthapuram., Two newly built hovercrafts from Goa shipyard carried 32 military personnel