സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ മുറിയുടെ സീലിങ് തകർന്നുവീണു; നാല് വിദ്യാർഥികൾക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
ക്ലാസ്‌മുറിയുടെ സീലിങ് തകർന്നുവീണ നിലയിൽ | Photo:mathrubhumi
ക്ലാസ്‌മുറിയുടെ സീലിങ് തകർന്നുവീണ നിലയിൽ | Photo:mathrubhumi

കുഞ്ചിത്തണ്ണി (ഇടുക്കി): ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാംക്ലാസിൽ കുട്ടികൾ പഠിക്കുന്നതിനിടെ സീലിങ് തകർന്നുവീണു. പേടിച്ച് പുറത്തേക്ക് ഓടിയിറങ്ങിയ നാല് വിദ്യാർഥികൾക്ക് വാതിൽപ്പടിയിൽ ഇടിച്ച് ചെറിയ പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങിയശേഷമാണ് സംഭവം. കുട്ടികൾ ഇരുന്നതിന് പിന്നിലുള്ള കൂറ്റൻ സീലിങ്ങാണ് ആദ്യം അടർന്നുവീണത്.

ഇതുകണ്ട് പരിഭ്രാന്തരായി കുട്ടികൾ പുറത്തേക്ക് ഒാടി. ഇതിനുശേഷം കുട്ടികളിരുന്ന ഭാഗത്തെ സീലിങ്ങും തകർന്ന് ബഞ്ചിനും ഡെസ്‌ക്കിനും മുകളിൽ വീണു.ഏതാനുംമാസം മുമ്പാണ് സീലിങ് പണിതത്. സീലിങ് നിർമാണത്തിൽ അപാകമുണ്ടെന്നുകാട്ടി സ്കൂൾ അധികൃതർ, ജില്ലാ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. ഇതുകാരണം കരാറുകാരന് ജില്ലാ പഞ്ചായത്ത് ബില്ല് മാറി നൽകിയിരുന്നില്ല.

2025 ഫ്രെബുവരിയിലാണ് കെട്ടിടം ഉദ്ഘാടനംചെയ്തത്. അതിനുശേഷമാണ് സീലിങ് നിർമിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. സീലിങ് തകർന്നുവീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. ബിജെപി പ്രവർത്തകർ ഉൾപ്പടെയുള്ളവർ, നിർമാണത്തിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെത്തി പ്രതിഷേധിച്ചു.

Content Highlights: Tragedy averted as a school ceiling collapses in Idukki, Kerala. Four students sustain minor injuries. Learn more about the incident and the alleged construction flaws.