കോഴിക്കോട് ഐ.സി.യു. പീഡനക്കേസ്; അതിജീവിത കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത കോഴിക്കോട് കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം.
പരാതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് അതിജീവിത കമ്മിഷണറെ കണ്ടിരുന്നു. വിവരാകാശ കമ്മിഷന് അപേക്ഷ നൽകണമെന്നാണ് അതിജീവിതയ്ക്ക് കിട്ടിയ മറുപടി. നാല് മാസം മുമ്പ് അവിടെ അപേക്ഷ നൽകിയിരുന്നുവെന്നും ഇത് വരെ മറുപടി കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മൊഴിയെടുത്ത ഡോ കെ.വി. പ്രീതിയ്ക്കെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ റിപ്പോർട്ടാണ് താൻ ആവശ്യപ്പെട്ടത്. റിപ്പോർട്ട് നൽകാത്തത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായും അതിജീവിത പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോവണമെങ്കിൽ റിപ്പോർട്ട് ആവശ്യമാണ്. റിപ്പോർട്ട് കിട്ടും വരെ സമരം തുടരുമെന്നും അതിജീവിത പറഞ്ഞു.
താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.വി. പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
Content Highlights: icu rape case strike started in front of Commissioners office