വന്യമൃഗശല്യം: വിപ്ലവം കേരളത്തില്‍ തുടങ്ങണം: യുഡിഎഫ് നേതൃത്വം ഏറ്റെടുക്കണം- പി.വി അന്‍വര്‍

നിലമ്പൂര്‍: വന്യമൃഗശല്യത്തിനെതിരായ വിപ്ലവം കേരളത്തില്‍ തുടങ്ങണമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഈ വിഷയം മാത്രംമതി. 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. സാധാരണക്കാരനായി അവര്‍ക്കൊപ്പം ഉണ്ടാകും. യുഡിഎഫ് നേതാക്കളെ കാണും. മുന്നണിയല്ല വിഷയം. മുന്നണിയെന്നാല്‍ ജനങ്ങളാണ്. 'എന്നെ വിട്ടേക്കൂ. എംഎല്‍എസ്ഥാനം വേണ്ട. ജനങ്ങളുടെ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. മലയോര മേഖലയിലെ മുഴുവന്‍ ക്രൈസ്തവ സഭകളുമായും തിരുമേനിമാരുമായും സംസാരിക്കണം. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണം- പി.വി അന്‍വര്‍ ആവശ്യപ്പെട്ടു.
'ആദിവാസികളുടെ അവസ്ഥ കാണണം. എത്ര തുക അനുവദിക്കുന്നു. അവര്‍ക്ക് ഗുണമുണ്ടാകുന്നില്ല. ആദിവാസികളുടെ രക്ഷകരെന്ന് അവകാശപ്പെടുന്ന പിണറായിയും സിപിഎമ്മും ആദിവാസികളെയും ദളിത് വിഭാഗക്കാരെയും തിരിഞ്ഞുനോക്കുന്നില്ല. അവരുടെ സംഘടനകള്‍ക്ക് കൂച്ചുവിലങ്ങിട്ടു. മിണ്ടാനുള്ള അവകാശം ദളിത് - ആദിവാസി സംഘടനകള്‍ക്ക് പിണറായിസത്തിന് മുന്നിലില്ല. ഇത് യുഡിഎഫ് തിരിച്ചറിയണം. അങ്ങനെചെയ്താല്‍ എല്‍ഡിഎഫ് പത്ത് ശതമാനം സീറ്റുകളിലേക്ക് ഒതുങ്ങും. ആ രാഷ്ട്രീയം യുഡിഎഫ് ഏറ്റെടുക്കണമെന്ന് മാത്രമേ ആവശ്യപ്പെടുന്നൊള്ളൂ'- പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
Content Highlights: human wild animal conflict Revolution should begin from Kerala UDF Leadership Must Take Over