തുരുമ്പെടുത്തുതുടങ്ങി, ആവശ്യമില്ലെങ്കില്‍ എന്തിനിങ്ങനെ?; ആകാശപ്പാത പൊളിച്ചുകൂടേയെന്ന് ഹൈക്കോടതി

നിര്‍മാണം നിലച്ച ആകാശപ്പാത
നിര്‍മാണം നിലച്ച ആകാശപ്പാത

കോട്ടയം: നഗരമധ്യത്തില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകളഞ്ഞുകൂടേയെന്ന് ഹൈക്കോടതി. നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ സ്ഥിതിചെയ്യുന്ന ആകാശപ്പാതയുടെ തൂണുകളും കമ്പികളും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നുകാണിച്ച് എ.കെ.ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിശദീകരണം നല്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി മാറ്റി. ജസ്റ്റിസ് വി.ജി.അരുണാണ് ഹര്‍ജി പരിഗണിച്ചത്.

ആകാശപ്പാതയുടെ തൂണുകള്‍ തുരുമ്പെടുത്തുതുടങ്ങിയെന്നും പണി പൂര്‍ത്തീകരിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞമാസം ഹര്‍ജിക്കാരന്‍ സര്‍ക്കാരിന് പരാതി നല്കിയിരുന്നു. മുകളിലേക്ക് കയറാനുള്ള പടികള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഇവിടെയില്ലാത്തതിനാലാണ് പണി നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മറുപടി നല്കി.

ഇതോടെയാണ്, ആകാശപ്പാത പൊളിച്ചുകളയണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനസര്‍ക്കാരിനെയും ജില്ലാ കളക്ടറെയും റോഡ് സേഫ്റ്റി അതോറിറ്റിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്കിയത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. കെ.രാജേഷ് കണ്ണന്‍ ഹാജരായി.

നിര്‍മാണം പൂര്‍ത്തിയാക്കണം

ഇനിയും വൈകിക്കാതെ ആകാശപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ജനങ്ങള്‍ക്ക് ആകാശപ്പാത ഉപയോഗിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എല്‍.എ.
 

Content Highlights: high court on kottayam skywalk project