കരിപ്പൂർവഴിയുള്ള ഹജ്ജ് യാത്രാനിരക്ക് വർധന; വിമാന സർവീസ് തുക കുറയ്ക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി

സി. മുഹമ്മദ് ഫൈസി, പ്രതീകാത്മക ചിത്രം | Photo: Mathrubhumi
സി. മുഹമ്മദ് ഫൈസി, പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡല്‍ഹി: കോഴിക്കോട് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാന സര്‍വീസ് തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തിന് നിവേദനം നല്‍കി. വിമാന സര്‍വീസ് തുക കുറയ്ക്കാന്‍ എയര്‍ഇന്ത്യ തയ്യാറായില്ലെങ്കില്‍ റീടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിവേദനം നല്‍കിയത്.

ഈ വര്‍ഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍നിന്ന് ടിക്കറ്റിന് 165,000 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ആയിരക്കണക്കിന് തീര്‍ഥാടകരെ നിരാശപ്പെടുത്തുന്ന ഈ തീരുമാനം പിന്‍വലിച്ച് പുതിയ ടെന്‍ഡര്‍ നടപടികളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് കേരള ഹജ്ജ് കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആവശ്യമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി വ്യക്തമാക്കി. 

ഈ വിഷയത്തില്‍ സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേരള ഹജ്ജ് കമ്മിറ്റി കത്തയച്ചിരുന്നു.

Content Highlights: State Hajj Committee petition seeking reduction of flight service fee from Kozhikode