ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ (55) തിരഞ്ഞെടുത്തു. 49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്.
തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ, നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. മാർച്ച് 31ന് രാത്രി അദ്ദേഹം സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരിയുടേയും ആര്യ അന്തർജ്ജനത്തിൻ്റേയും മകനാണ് നാരായണൻ നമ്പൂതിരി. പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിൽ മേൽശാന്തിയാണിപ്പോൾ. സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി 2010 ൽ ഗുരുവായൂർ മേൽശാന്തിയായിരുന്നു.
ഭാര്യ: ശ്രീന (ചെർപ്പുളശ്ശേരി എഎൽപി സ്കൂൾ അധ്യാപിക)
മകൻ: ശ്രീനാഥ് (ബെംഗളൂരു ഫാർമ കമ്പനി)
Content Highlights: T.M. Narayanan Namboodiri selected as Guruvayur Melsanthi for a 6-month term., Selection process involved a draw from 35 qualified candidates., He will assume office on March 31st after a 12-day preparatory period., Current service follows his brother's tenure in 2010.