മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം;ഭക്തരെ ബുദ്ധിമുട്ടിച്ചിട്ടില്ല,നടക്കുന്നത് വ്യാജപ്രചാരണം-ദേവസ്വം

ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ പറഞ്ഞു. ഞായറാഴ്ചകളിൽ രാവിലെ വി.ഐ.പി.കൾക്ക് പ്രത്യേക ദർശനത്തിനുള്ള നിരോധനം ലംഘിച്ചാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽ കയറിയതെന്നാണ് ആരോപണം. എന്നാൽ, 4500 രൂപയ്ക്ക് നെയ്വിളക്ക് ശീട്ടാക്കിയാണ് അദ്ദേഹം ദർശനം നടത്തിയത്.
മുഖ്യമന്ത്രി ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ഭക്തരെ മാറ്റിനിർത്തിയെന്നും അവർക്ക് തടസ്സമുണ്ടായെന്നുമുള്ള പ്രചാരണവും തെറ്റാണ്. പ്രദക്ഷിണം നടത്തുന്ന സമയത്ത് തെക്കേ പ്രദക്ഷിണവഴി, പായസം കൊണ്ടുപോകാൻവേണ്ടി ഭക്തരെ അൽപനേരത്തേക്ക് അതുവഴി കടത്തിവിട്ടിരുന്നില്ല. ആ നിയന്ത്രണവും പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകുകയായിരുന്നു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
ക്ഷേത്രനടപ്പന്തലിൽ ക്ഷേത്രാചാരങ്ങളും കല്യാണങ്ങളുമായി ബന്ധപ്പെട്ടതുമല്ലാതെ മറ്റ് വീഡിയോകൾ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ക്ഷേത്രസുരക്ഷയ്ക്ക് എതിരായ വീഡിയോകളോ റീൽസുകളോ എടുക്കുന്നതിൽ വിലക്കുമുണ്ട്. അത് നിരീക്ഷിക്കാൻ ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമുണ്ട്. അവരറിയാതെ, ആരും റീൽസ് എടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മാസങ്ങൾക്കുമുൻപ്, ക്ഷേത്രനടയിലും ക്ഷേത്രക്കുളക്കടവിലും റീൽസ് ചിത്രീകരിച്ചവർക്കെതിരേ ഗുരുവായൂർ ദേവസ്വം കർശനനടപടി സ്വീകരിച്ചിട്ടുമുണ്ട്.
Content Highlights: Clarification on CM's visit to Guruvayur temple., Refutation of allegations regarding devotee inconvenience., Confirmation of standard Neyvilakku ritual booking., Strict enforcement of temple security and social media filming regulations.