ഗുരുവായൂരിൽ ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി, മണിക്കൂറിന് 11,800 രൂപ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി. ഒരു മണിക്കൂറിന് 11,800 രൂപയാണ് പുതിയ നിരക്ക്. ജി.എസ്.ടി. ഉൾപ്പെടെ 5900 രൂപയായിരുന്നു ഇതുവരെ. ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒരു മണിക്കൂർ ഒരു സ്ലോട്ടായി കണക്കാക്കിയാണ് ഇവിടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപയാകും. ഓഡിറ്റോറിയങ്ങൾ 60 ദിവസം മുൻപ് ബുക്ക് ചെയ്യണമെന്നുള്ളതിനാൽ ജനുവരിയിലേത് ഇപ്പോഴേ ചെയ്യണം.
നിരക്ക് കൂട്ടിയത് സാധാരണ കലാകാരൻമാർക്ക് തിരിച്ചടിയാണെങ്കിലും ബുക്കിങ്ങിന്റെ മറവിൽ ചിലർ പണമുണ്ടാക്കുന്നതായി ദേവസ്വത്തിന് പരാതി കിട്ടിയിട്ടുണ്ട്. 5900 രൂപയടച്ചുള്ള ഒരു സ്ലോട്ടിൽ എത്രപേർക്കുവേണമെങ്കിലും നൃത്തം അവതരിപ്പിക്കാം. പത്ത് അംഗങ്ങളുള്ള സംഘത്തിലെ ഓരോ കുട്ടിയിൽനിന്നും ഓഡിറ്റോറിയം ഫീസ് എന്ന പേരിൽ ആയിരം രൂപ വീതം വാങ്ങുന്നവരുണ്ട്. ചിലർ നേരത്തേ സ്ലോട്ട് ബുക്ക് ചെയ്തിട്ട് വൻ തുകയ്ക്ക് മറിച്ചുകൊടുക്കുന്നതായും പരാതിയുണ്ട്.
Content Highlights: Guruvayur Devaswom has doubled the hourly rental rates for Melpathur and Sreeguruvayurappan auditoriums to Rs 11,800 starting January to prevent commercial misuse by intermediaries.