ഗുരുവായൂര്‍ ആനയോട്ടം: കൊമ്പൻ ബാലു ജേതാവ്

ഗുരുവായൂര്‍ ആനയോട്ടം
ഗുരുവായൂര്‍ ആനയോട്ടം

തൃശ്ശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്റെ തുടക്കമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ജേതാവ്. തൊട്ടുപിന്നില്‍ ചെന്താമരാക്ഷനുമെത്തി. അതീവ സുരക്ഷയില്‍ വന്‍ ജനപങ്കാളിത്തതോടെയാണ് ആനയോട്ടം നടന്നത്.

കിഴക്കേ നടയിലൂടെ ആദ്യം ഇറങ്ങി, ആദ്യം ഓടി കയറുന്ന ആനയാണ് ജേതാവ്. ഗുരുവായൂര്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത് ഇത്തരത്തില്‍ ആദ്യം എത്തുന്ന ആനയായിരിക്കും.വിജയിയായ ആനയെ നിറപറവെച്ച് പാരമ്പര്യാവകാശികള്‍ വരവേല്‍ക്കും. ആനയോട്ടത്തില്‍ പങ്കെടുക്കാത്ത ആനകള്‍ക്ക് ഊട്ട് ആനക്കോട്ടയില്‍ നടക്കും
 
ഉത്സവത്തിന്റെ ഭാഗമായുള്ള ആനയില്ലാ ശിവേലി ആനയോട്ടത്തിന് മുന്‍പ് നടന്നിരുന്നു.12 ആനകളെയാണ് നേരത്തെ ആനയോട്ടത്തിനായി നിശ്ചയിച്ചിരുന്നത്. അതില്‍ നറുക്കെടുത്താണ് അഞ്ചാനകളെ ഓട്ടത്തിനായി തിരഞ്ഞെടുത്തത്.ഞായാറാഴ്ച ബ്രഹ്‌മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ നേതൃത്ത്വത്തിലായിരുന്നു നറുക്കെടുപ്പ്. 

പത്തുദിവസത്തെ ഉത്സവചടങ്ങുകള്‍  ഇന്ന് (തിങ്കളാഴ്ച്ച) രാത്രി ആരംഭിക്കും. കൊടിയേറ്റത്തിനായുള്ള സപ്തവര്‍ണക്കൊടി ശ്രീലകത്ത് കൊണ്ടുപോയി ചൈതന്യം പകരും. രാത്രി സ്വര്‍ണക്കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റം നിര്‍വഹിച്ചാല്‍ ക്ഷേത്രനഗരി ഉത്സവലഹരിയിലായിരിക്കും

Content Highlights: Guruvayur aanayottam 2025