പുതുവർഷത്തിൽ ഗുരുവായൂരിൽ തിരക്ക് നിയന്ത്രണാതീതം; വരി പടിഞ്ഞാറേപ്പുരവരെ നീണ്ടു, തള്ളിക്കയറി ഭക്തർ

#ന്യൂസ് ഡെസ്ക്
ഗുരുവായൂർ ക്ഷേത്രനടയിലെ പ്രധാന വരിപ്പന്തലിൽനിന്ന് അകത്തേക്ക്‌ കടത്താൻ വൈകിയതിനെത്തുടർന്ന് ഭക്തർ സുരക്ഷാജീവനക്കാരുമായി തർക്കിക്കുന്നു
ഗുരുവായൂർ ക്ഷേത്രനടയിലെ പ്രധാന വരിപ്പന്തലിൽനിന്ന് അകത്തേക്ക്‌ കടത്താൻ വൈകിയതിനെത്തുടർന്ന് ഭക്തർ സുരക്ഷാജീവനക്കാരുമായി തർക്കിക്കുന്നു

ഗുരുവായൂർ: പുതുവർഷദിനത്തിൽ ഗുരുവായൂരിൽ തൊഴാനെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായി. തലേന്ന് രാത്രി വരിനിന്നവർക്കുപോലും രാവിലെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനായില്ല. പോലീസിനും ദേവസ്വം സുരക്ഷാജീവനക്കാർക്കും നിയന്ത്രിക്കാനാകുന്നതിനപ്പുറമായിരുന്നു തിരക്ക്. വെളുപ്പിന് നാലരമുതൽ ആറരവരെ മാത്രം ദർശനസമയം അനുവദിച്ചിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ഒമ്പതായിട്ടും തൊഴാൻ സാധിച്ചില്ല.

കാത്തുനിന്ന് ക്ഷമകെട്ട ഭക്തജനങ്ങൾ ഒന്നിച്ച് ബഹളംവെച്ചു. സുരക്ഷാജീവനക്കാരുമായി തർക്കമുണ്ടായി. ഭക്തർ ഒന്നിച്ച് തള്ളിക്കയറി. ഇതിന്റെ ശക്തിയിൽ ദീപസ്തംഭത്തിന് സമീപത്തെ ബാരിക്കേഡ് ചരിഞ്ഞു. പിന്നീടത് കയറുകൊണ്ട് കെട്ടിനിർത്തുകയായിരുന്നു. സുരക്ഷാജീവനക്കാർക്കും ചില ഭക്തർക്കും ചെറുതായി പരിക്കുകളുണ്ടായി.

വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തിനു പുറത്ത് കിഴക്കേ ദീപസ്തംഭത്തിന് തൊട്ടു വടക്കുവശത്ത് തിക്കും തിരക്കുമുണ്ടായത്. രാവിലത്തെ ശീവേലിക്കുശേഷമാണ് ബഹളത്തിന് ശമനമായത്. തിരക്ക് നിയന്ത്രണാതീതമായതോടെ നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശനവും ടോക്കൺ വഴിയുള്ള ദർശനവും നിർത്തിവയ്‌ക്കേണ്ടിവന്നു. ക്ഷേത്രത്തിലേക്കുള്ള വരിയുടെ അറ്റം തെക്കേനടപ്പുരയും കടന്ന് പടിഞ്ഞാറേനടപ്പുര വരെ നീണ്ടു. പ്രസാദ ഊട്ടിനും വഴിപാടുകൾ ശീട്ടാക്കാനും ക്ലോക്ക്മുറികൾക്കു മുന്നിലുമെല്ലാം വരികൾ നീണ്ടു.

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ, അടൂർ പ്രകാശ്, നടൻ ജയറാം, നടി പാർവതി തുടങ്ങിയവരും ദർശനത്തിന് എത്തിയിരുന്നു.

Content Highlights: Massive crowds thronged Guruvayoor Temple on New Year`s Day, exceeding control. Devotees faced long waits and disruptions. Read more.