പോകാം മുന്തിരിത്തോപ്പിലേക്ക്.. ഗുണ്ടൽപ്പേട്ടയിലെ മുന്തിരിത്തോട്ടത്തിലേക്ക് മലയാളികളുടെ തിരക്ക്

#ന്യൂസ് ഡെസ്ക്

നിലമ്പൂർ: വരൂ നമുക്ക് ഗുണ്ടൽപ്പേട്ടിൽ പോയി തളിർത്തുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിപ്പൂക്കളും കണ്ടുവരുന്നതിനൊപ്പം കൊതിയൂറുന്ന മുന്തിരിത്തോപ്പിലും പോകാം. മലയാളികളായ സഞ്ചാരികളുടെ തിരക്കാണ് ഗുണ്ടൽപ്പേട്ടിലെ മുന്തിരിത്തോപ്പുകളിൽ. വിളവെടുപ്പ് അടുക്കുന്നതോടെ ന്യായവിലക്ക് തോട്ടത്തിൽനിന്ന് നേരേ മുന്തിരികൾ വാങ്ങുകയും ചെയ്യാം. ഗുണ്ടൽപ്പേട്ട ടൗണിൽ നിന്ന് മുത്തങ്ങ റോഡിലൂടെ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലെത്തുന്ന ടോൾപ്ലാസക്ക് സമീപമാണ് മുന്തിരിത്തോപ്പ്. ഫാം ടൂറിസത്തിന്റെ ഭാഗമായ പദ്ധതി വലിയ വിജയമാണെന്ന് തോട്ടത്തിന്റെ നടത്തിപ്പുകാരനായ നിലമ്പൂർ അകമ്പാടം സ്വദേശി സുരേഷ്‌കുമാർ പറഞ്ഞു.

വിളഞ്ഞ് പാകമായ മുന്തിരി ഓണത്തിനോടടുപ്പിച്ചാണ് വിളവെടുപ്പ് നടത്തുക. ഇതിന് ക്രമീകരണങ്ങൾ പൂർത്തിയായിവരുന്നു.

മൂന്നുവർഷം മുൻപാണ് 12 ഏക്കറിലെ ഒരു ഭാഗത്ത് മുന്തിരിക്കൃഷി തുടങ്ങിയത്. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലുള്ളവരുടെ കൂട്ടുസംരംഭമാണ് കൃഷി. മുന്തിരിക്ക് പുറമേ മാങ്ങ, ഞാവൽ, ചിക്കു, സ്ട്രോബറി, ചെറി, മാതളം (അനാർ), സ്റ്റാർ ഫ്രൂട്ട്, സീതപ്പഴം, റംബുട്ടാൻ എന്നിവയും പ്ലാവ്, തെങ്ങ് കൃഷികളും പൂക്കൃഷിയും നടത്തുന്നുണ്ട് ഫാമിൽ.

കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ കൂട്ടമായെത്തുന്നത്. മൂന്നുവർഷം പ്രായമായ മുന്തിരി ചെടികളിൽ നിന്ന് മികച്ച വിളവെടുപ്പാണ് മുൻ വർഷങ്ങളിൽ ലഭിച്ചത്. കൃത്യമായ പരിചരണം ആവശ്യമായ മുന്തിരിക്കൃഷിക്ക് വിദഗ്ദ്ധരെ തേനിയിൽനിന്നാണ് സീസൺ സമയങ്ങളിൽ കൊണ്ടുവരുന്നത്. ജലസേചനസൗകര്യങ്ങൾ കൃഷിയിടത്തിലുണ്ട്. വർഷത്തിൽ രണ്ടുതവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. ഒരിക്കൽ നട്ടാൽ 30 വർഷംവരെ വിളവെടുക്കാം. ജൈവ കൃഷിയാണ് ഇവിടെ. കർണ്ണാടക സർക്കാരിന്റെ പിന്തുണയുമുണ്ട്. കുരു ഇല്ലാത്ത മുന്തിരികൂടി നട്ടുവളർത്താനുള്ള ഒരുക്കത്തിലാണ് ഉടമകൾ. മൂന്ന് വർഷംകൂടി കഴിയുന്നതോടെ മുഴുവൻ പ്രവർത്തനസജ്ജമായ ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സുരേഷ്‌കുമാർ പറഞ്ഞു.

Content Highlights: Experience organic grape picking and flower fields near Gundlupet., The farm features a diverse range of fruits including strawberries, cherries, and pomegranates., Successful farm tourism model managed by a collaborative team from Kerala, Karnataka, and Tamil Nadu., Sustainable cultivation practices with plans to expand into a full-fledged tourism hub by 2029., Optimal harvest seasons aligned with major festivals like Onam.