ബാർ അടക്കം പല ബിസിനസുകൾ, അംഗത്വത്തിന് GST വാങ്ങിയിട്ടും നികുതി അടച്ചില്ല; IMAക്കെതിരേ GST ഇന്റലിജൻസ്

കൊച്ചി: ഐ.എം.എയ്ക്കെതിരേ ജി.എസ്.ടി. ഇന്റലിജൻസ്. അംഗത്വത്തിന് ജി.എസ്.ടി. വാങ്ങിയിട്ടും നികുതി അടച്ചില്ല. 18 ശതമാനം ജി.എസ്.ടി. അംഗങ്ങളിൽ നിന്ന് വാങ്ങിയതിന് തെളിവുണ്ട്. എന്നാൽ ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുകയോ, നികുതി അടക്കുകയോ ചെയ്തിട്ടില്ല എന്ന് ജി.എസ്.ടി. ഇന്റലിജൻസ് വ്യക്തമാക്കി.
ഐ.എം.എയുടെ കേരള ഘടകത്തിനെതിരേയാണ് കേന്ദ്ര ജി.എസ്.ടി. ഇന്റലിജൻസിന്റെ കോഴിക്കോട് യൂണിറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 50 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഐ.എം.എ. നൽകേണ്ടത്. ഐ.എം.എ. നടത്തുന്ന മറ്റു ബിസിനസുകൾ ചാരിറ്റബിൾ ആക്ട് പ്രകാരം നികുതി ഇളവിന് അർഹമായിട്ടുള്ളത് അല്ല. ഐഎംഎ ഹോട്ടലും ബാർ ലൈസൻസും അതോടൊപ്പം തന്നെ മറ്റു പല ബിസിനസുകളും നടത്തുന്നുണ്ട്. ഇതൊക്കെ ജി.എസ്.ടിയുടെ പരിധിയിൽ വരുന്നതാണ്.
നികുതി നൽകണമെന്ന കാര്യം ഐഎംഎയ്ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അംഗത്വ ഫീസിന് ഇറക്കിയ. ബ്രോഷറിൽ 18 ശതമാനം ജി.എസ്.ടി. നൽകണമെന്ന കാര്യം കൃത്യമായി പറയുന്നുണ്ട്. എന്നാൽ ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുകയോ നികുതി അടക്കുകയോ ഐഎംഎ ചെയ്തിട്ടില്ല. ഇത് നിയമവിരുദ്ധമായ നടപടിയെന്നാണ് ജിഎസ്.ടി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്.
ഇതുവരെ കണക്കാക്കിയ വരുമാനം അനുസരിച്ച് 50 കോടിയോളം രൂപയുടെ നികുതി കുടിശ്ശിക ഐഎംഎ വരുത്തിയിട്ടുണ്ട്. ഇത് ഐഎംഎ കേരള ഘടകം നികുതിയായി അടക്കണമെന്നാണ് ജി.എസ്.ടി. ഇന്റലിജൻസിന്റെ ആവശ്യം. ഇതിനെതിരേയ ഐഎംഎ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Content Highlights: gst intelligence approach high court against ima