'ആ ഫയലില്‍ ഒന്നല്ല, ഒരുപാട് ജീവിതമുണ്ട് സാറേ...; ആ സര്‍ക്കാര്‍ ജീവനക്കാരി ഇപ്പോഴും അബോധാവസ്ഥയില്‍'

#ടി. ജി. ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

2024 ഓഗസ്റ്റിലെ ഒരു വൈകുന്നേരം സുഹൃത്ത് ഫോണില്‍ വിളിച്ചു. 'ഞങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. ഇന്നലെ രാത്രി ഇവിടെ കൊണ്ടുവന്നു. പിന്നെ അന്നുപറഞ്ഞ ഫയല്‍ ഇല്ലേ. അത് സെക്രട്ടറിയേറ്റില്‍ ഹെല്‍ത്തില്‍ കിടക്കുവാ. അവിടൊന്നു കേറി അന്വേഷിക്കണേ...'' മറുപടിക്ക് കാക്കാതെ അയാള്‍ സംസാരം നിര്‍ത്തിപോയി. ഒഴിവാക്കാന്‍ പറ്റാത്ത സുഹൃത്തിനെ ഓര്‍ത്ത് അല്പനേരം ഞാന്‍ ഫോണില്‍ത്തന്നെ നോക്കി ഇരുന്നു. ആരെ വിളിക്കാനാണ്.. കുറേനേരം ഫോണിലെ കോണ്‍ടാക്ടില്‍ തപ്പി. സ്വാധീനിക്കാന്‍ ആരെ വിളിക്കണമെന്നറിയാതെ ഫോണ്‍ താഴ്ത്തിവച്ചു.  

ജൂണ്‍ മാസമാണ് സുഹൃത്തിന്റെ ഭാര്യ വാഹനാപകടത്തില്‍പ്പെട്ടത് മറ്റൊരാള്‍ വിളിച്ചറിയിക്കുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാരിയായ അവര്‍ രാവിലെ ജോലിക്ക് ഇറങ്ങിയതാണ്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ തെറിച്ചുവീണ അവരുടെ തലക്ക്  ഗുരുതരമായി പരിക്കേറ്റു. രക്തത്തില്‍ കുളിച്ച് അപ്പോള്‍ത്തന്നെ അബോധാവസ്ഥയിലായി. വെന്റിലേറ്ററും ശസ്ത്രക്രിയകളും ഒക്കെയായി അകലെയല്ലാത്ത ഒരു സ്വകാര്യ ആശുപത്രിയില്‍ മൂന്നുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് അവിടെനിന്ന് മാറ്റി തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്ന കാര്യമാണ് സുഹൃത്ത് ഫോണില്‍ വിളിച്ചുപറഞ്ഞത്.

അന്നുരാത്രി ആശുപത്രിയുടെ പുറത്ത് മരച്ചോട്ടില്‍ നിറകണ്ണുകളുമായി നിന്ന സുഹൃത്തിനെ കണ്ടു. 'ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല, ബോധം വീണിട്ടില്ല. മക്കളെയും എന്നെയുമൊന്നും തിരിച്ചറിഞ്ഞിട്ടില്ല'-  സുഹൃത്ത്‌ പറഞ്ഞുതുടങ്ങി. 'ഇതുവരെ പത്തുമുപ്പത് ലക്ഷം ചെലവായി. വീട്ടില്‍ കരുതിവച്ച സ്വര്‍ണവും കിട്ടിയ റിട്ടയര്‍മെന്റ് ആനുകൂല്യവുമൊക്കെ തീര്‍ന്നു. ഇപ്പോള്‍ അവളുടെ തലയ്ക്കുള്ളില്‍ വെള്ളം കെട്ടുന്നുണ്ട്. അതൊക്കെ ഭേദമായാലേ അടര്‍ന്നുപോയ തലയോട്ടിയുടെ ഭാഗത്തിനുപകരം കൃത്രിമമായ ഭാഗം വച്ചുപിടിപ്പിക്കാനാവൂ.... മക്കളെ എങ്കിലും തിരിച്ചറിഞ്ഞാല്‍ മതിയായിരുന്നു....'  പറഞ്ഞുപൂര്‍ത്തിയാക്കാതെ അയാള്‍ നിര്‍ത്തി. കുറേനേരം ഞങ്ങള്‍ക്ക് പരസ്പരം ഒന്നും പറയാനുണ്ടായിരുന്നില്ല.    

ആരോഗ്യവകുപ്പില്‍നിന്നുള്ള ശമ്പളം കിട്ടിയിരുന്നെങ്കില്‍ പിള്ളേരുടെ ഫീസെങ്കിലും കൊടുക്കാമായിരുന്നുവെന്നും അതിനായി ശമ്പളത്തോടുകൂടിയ പ്രത്യേക അവധിക്കായി സമര്‍പ്പിച്ച അപേക്ഷയാണ് സെക്രട്ടറിയേറ്റിലെവിടെയോ കിടക്കുന്നതെന്നും ഒന്നുകൂടി ഓർമിപ്പിച്ച് സുഹൃത്ത് ആശുപത്രിയുടെ പടികയറിപോയി.  

സുഹൃത്തിന്റെ ഭാര്യ ജോലിചെയ്തിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം വഴിയുള്ള അപേക്ഷ ആരോഗ്യ ഡയറക്ടറേറ്റില്‍ എത്തിയത് ഓഗസ്റ്റിലാണ്. സംഭവം അന്വേഷിച്ചറിഞ്ഞ ഡയറക്ടറേറ്റ് ജീവനക്കാര്‍ തിടുക്കപ്പെട്ടുതന്നെ ഫയല്‍ സെക്രട്ടറിയേറ്റിലേക്ക് അയച്ചു. അതാണത്രേ അതിന്റെ നടപടി.

അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കാതെ ഇനിമുതല്‍ ശമ്പളം എഴുതാനാവില്ലെന്ന് ഭാര്യയുടെ സഹപ്രവര്‍ത്തകര്‍ അറിയിച്ചെന്നകാര്യം, ഫയല്‍ നീക്കം ചോദിച്ചറിയണമെന്ന ആവശ്യത്തിനൊപ്പം സുഹൃത്ത് വീണ്ടും വിളിച്ചറിയിച്ചു. പിറ്റേന്ന് സെക്രട്ടറിയേറ്റിലെ 'ബാരിക്കേഡുകള്‍'എല്ലാം കടന്ന് ആരോഗ്യവകുപ്പ് ഓഫീസില്‍ നേരിട്ട് ഒരു അന്വേഷണം നടത്താന്‍തന്നെ തീരുമാനിച്ചു. പക്ഷേ, ഞാന്‍ അല്പം വൈകിപ്പോയെന്ന് അവിടെയെത്തിയപ്പോഴാണ് അറിയുന്നത്. ഫയല്‍ കൈകാര്യം ചെയ്യുന്ന  ഉദ്യോഗസ്ഥന്‍ അപ്പോഴേക്കും കല്യാണ അവധിയില്‍ പോയി. ഇനി അയാള്‍ മടങ്ങിവന്നാലേ പറ്റൂവെന്ന് സീറ്റിലുള്ളവര്‍ പറഞ്ഞു.

ആ മറുപടി സുഹൃത്തിനെ അപ്പോള്‍ത്തന്നെ അറിയിച്ച് സെക്രട്ടറിയേറ്റില്‍നിന്നിറങ്ങി. പരിചയക്കാരനായ മറ്റൊരു ഉന്നതോദ്യോഗസ്ഥനോട് വിവരം പറഞ്ഞ്, ശുപാര്‍ശയ്ക്ക് നിര്‍ബന്ധിച്ചു. അദ്ദേഹം തന്നാലാവത് ആ ഫയല്‍നീക്കം അറിയിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒരുദിവസം ഫയല്‍ ധനവകുപ്പിലേക്ക് പോയതായറിഞ്ഞു.

'അവധി ഉത്തരവ് വരുംമുമ്പ് ശമ്പളം എഴുതാന്‍ പാടില്ല. അങ്ങനെ എഴുതുന്നവരെ സീറ്റില്‍നിന്നെഴുന്നേല്‍പ്പിക്കാന്‍ വകുപ്പുണ്ട്' ഫയലിനുപുറകേ അന്വേഷിച്ചുപോയപ്പോള്‍ ധനവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി സ്വരം. പഞ്ചപുച്ഛം അടക്കി വീണ്ടും കാത്തിരുന്നു.  

അങ്ങനെ ഒരുനാള്‍ സെക്രട്ടറിയേറ്റ് ഭിത്തിയിലെ സര്‍ക്കാര്‍ കലണ്ടര്‍ മാറി-2025.

ധനവകുപ്പൊക്കെ കറങ്ങിനടന്നുകണ്ട ഫയല്‍ തിരികെ വീണ്ടും ആരോഗ്യത്തില്‍ എത്തിയതായി വിവരം കിട്ടി. വീണ്ടും കാത്തിരുന്നു. ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍ അങ്ങനെ ആ ഉത്തരവിറങ്ങി.

അപേക്ഷയിലെ കുറവുകളൊക്കെ ആശാന്‍ ക്ഷമിച്ചിരിക്കുന്നു. മൂന്നുമാസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിരിക്കുന്നു' എന്ന ഉത്തരവ് കണ്ട് അറിയാതെ പറഞ്ഞുപോയി, 'വലിയ ഉപകാരം സാറെ...'

'ഓരോ ഫയലും ഓരോ ജീവിതമാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം....' സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നടത്തിയ പഴയ ഒരു പ്രസംഗം ഓര്‍മയില്‍  തികട്ടിവന്നു. ശമ്പളമില്ലാത്ത അവധി അവസാനിച്ച് ആ സര്‍ക്കാര്‍ ജീവനക്കാരി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്നു. അപകടം നടന്ന് ഒമ്പത് മാസം പിന്നിടുമ്പോള്‍ ആശുപത്രിമുറിപോലെ സജ്ജീകരിച്ച വീട്ടില്‍. അവധിയെക്കുറിച്ചറിയാതെ, കണ്ണുകള്‍ തുറന്നിരിക്കുമ്പോഴും ആരെയും കാണാതെ, തിരിച്ചറിയാതെ...

Content Highlights: government files delay issues