ദുർഗയുടെ ഒരു വിളിയിൽ തീവണ്ടിക്കുംമുൻപേ പാഞ്ഞെത്തി പോലീസ്, ജീവിതപ്പാളത്തിൽ സുരക്ഷിതനായി ഒരാൾ

#ഇ.വി. ജയകൃഷ്ണൻ
പ്രതീകാത്മക ചിത്രം (ഇൻസൈറ്റിൽ ദുർഗ) | ചിത്രങ്ങൾ: മാതൃഭൂമി
പ്രതീകാത്മക ചിത്രം (ഇൻസൈറ്റിൽ ദുർഗ) | ചിത്രങ്ങൾ: മാതൃഭൂമി

കാഞ്ഞങ്ങാട്: ആ വീഡിയോകോൾ ദുർഗ കണ്ടിരുന്നില്ലെങ്കിൽ പാതിരാത്രിയിൽ റെയിൽവേട്രാക്കിൽ ഒരു ജീവൻ പൊലിഞ്ഞേനെ. ഒരു കൊച്ചുകുട്ടിയുടെ ഫോൺവിളിയുടെ ഗൗരവം തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും ഒരുജീവൻ കെടാതെ കാത്തു.

നീലേശ്വരം മൂന്നാംകുറ്റിയിൽ രവി ആചാരിയുടെയും ചിത്രയുടെയും മകളായ ദുർഗയാണ് അച്ഛന്റെ സുഹൃത്തിന്റെ ജീവൻ കാത്തത്. രവിയും ചിത്രയും ബധിര മൂകരരാണ്. രവിയുടെ സുഹൃത്താണ് ആത്മഹത്യാശ്രമം നടത്തിയത്. ഇയാൾക്കും സംസാര, കേൾവി ശേഷിയില്ല.

ശനിയാഴ്ച രാത്രി പതിനൊന്നോടെ ഇദ്ദേഹം രവിയെ വീഡിയോകോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ആംഗ്യഭാഷയിൽ പറയുന്നത് ദുർഗ കണ്ടു. അച്ഛനും മകളും ആകുന്നത്ര അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ട്രാക്കിൽ നിന്നെഴുന്നേറ്റില്ല.

ഉടൻതന്നെ ദുർഗ ഗൂഗിളിൽ തപ്പി ഒരു പോലീസ് നമ്പറെടുത്ത് വിളിച്ചു. ഫോൺ എടുത്തത് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാർ. സമയം രാത്രി 11.45. അദ്ദേഹം ഉടൻ രാത്രി ഡ്യൂട്ടിക്കാരെ വിവരമറിയിച്ചു. എ.എസ്.ഐ. ഇ. രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു മോഹൻ, പോലീസ് ഡ്രൈവർ പി. രാജേഷ് എന്നിവർ അതിവേഗം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു.

അതിനിടെ സൈബർ സെല്ലിൽനിന്ന് ലോക്കേഷൻ അയച്ചുകിട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരുകിലോമീറ്റർ അകലെ കുശാൽ നഗർ ട്രാക്കിലാണ് ആൾ കിടക്കുന്നതെന്ന് ഉറപ്പിച്ചു. പോലീസെത്തി ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചതിനു പിന്നാലെ ട്രാക്കിലൂടെ തീവണ്ടി കടന്നുപോയി.

കുടുംബപ്രശ്നത്തെത്തുടർന്നാണ് മരിക്കാൻ തീരുമാനിച്ചതെന്നാണ് അയാൾ പറഞ്ഞത്. ഇയാളെ രക്ഷപ്പെടുത്തിയശേഷം പോലീസ് ആദ്യം വിളിച്ച് നന്ദി പറഞ്ഞത് ദുർഗയെ. പോലീസിനെ വിളിക്കാൻ ദുർഗ ഇത്തിരി വൈകിയിരുന്നെങ്കിൽ തീവണ്ടിക്കിടയിൽക്കുടുങ്ങി ഒരു ജീവൻ പൊലിഞ്ഞേനേ.

'ഞങ്ങളെ കണ്ടപ്പോൾ അയാൾ കല്ലെടുത്ത് തലയ്ക്കടിക്കുന്നുണ്ടായിരുന്നു'

'ഇൻസ്പെക്ടർ അജിത് സർ വിളിക്കുമ്പോൾ ഞങ്ങൾ കാഞ്ഞങ്ങാടിന് പടിഞ്ഞാറ് മീനാപ്പീസ് ഭാഗത്ത് പട്രോളിങ്ങിലായിരുന്നു. ഒരാൾ ട്രാക്കിൽ എവിടെയോ കിടക്കുന്നുണ്ടെന്ന് സാറ് പറഞ്ഞ ഉടൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി.

ട്രാക്കിൽ കിടക്കുന്നയാളുടെ ഫോൺ നമ്പറിൽ വീഡിയോ കോളിൽ വിളിച്ചു. രാത്രിയായതിനാൽ എവിടെയാണെന്ന് ആ വീഡിയോയിൽനിന്ന് മനസ്സിലായില്ല. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ അവസ്ഥ. ആംഗ്യം കാണിച്ച് എഴുന്നേൽക്കാൻ നിർബന്ധിച്ചു. അതൊന്നും കണ്ടില്ലെന്ന് നടിച്ച് അയാൾ എന്തൊക്കെയോ ആംഗ്യം കാണിച്ചു.

എ.എസ്.ഐ. ഇ. രേമേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു മോഹന്‍, പോലീസ് ഡ്രൈവര്‍ പി. രാജേഷ്‌

സൈബർ സെല്ലിൽനിന്നുള്ള ലൊക്കേഷൻ നോക്കി ഇയാൾ കിടക്കുന്ന സ്ഥലം കണ്ടുപിടിച്ചു. ഞങ്ങളെ കണ്ടമാത്രയിൽ അയാൾ അരികിൽനിന്ന് വലിയ ജില്ലിക്കല്ലെടുത്ത് സ്വയം തലയ്ക്കടിച്ചു. ഓടിയെത്തി കല്ലു പിടിച്ചുമാറ്റിക്കളഞ്ഞു. എത്ര ആംഗ്യം കാണിച്ചിട്ടും ഇദ്ദേഹം എഴുന്നേൽക്കുന്നില്ല. പിന്നെ ബലം പ്രയോഗിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു.' -റെയിൽവേ ട്രാക്കിൽ കിടന്നയാളെ പാതിരാത്രിയിൽ രക്ഷപ്പെടുത്തിയ ഹൊസ്ദുർഗ് സ്റ്റേഷനിലെ എ.എസ്.ഐ. തൃക്കരിപ്പൂർ ഇടയിലക്കാട്ടെ ഇ.രമേശനും സിവിൽപോലീസ് ഓഫീസർ കരിവെള്ളൂരിലെ ഷൈജുമോഹനും പോലീസ് ഡ്രൈവർ പനയാർക്കുന്നിലെ പി.രാജേഷും നടന്ന സംഭവങ്ങൾ വിവരിച്ചു.

ട്രാക്കിലൂടെ നടന്ന് അയാളുടെ അടുത്തെത്താറായപ്പോഴേക്കും മറ്റേ പാളത്തിലൂടെ മംഗളൂരു ഭാഗത്തേക്ക് ചരക്കുവണ്ടി പോകുന്നുണ്ടായിരുന്നുവെന്ന് രമേശൻ പറഞ്ഞു. ഇടയ്ക്കിടെ മഴപെയ്തതിനാൽ അയാളുടെ മുണ്ടും ഷർട്ടുമെല്ലാം നല്ലതുപോലെ നനഞ്ഞിരുന്നു. പിടിച്ചെഴുന്നേൽപ്പിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം വസ്ത്രം മാറ്റിച്ച് അദ്ദേഹത്തെയുംകൊണ്ട് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്കുപോയി. അവിടെയെത്തിയപ്പോൾ ഭാര്യയും ഭർത്താവും വീണ്ടും തർക്കം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യക്കും സംസാര-കേൾവിശേഷിയില്ല. ആംഗ്യഭാഷയിലൂടെ കലഹിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ അതേ ജീപ്പിൽ വീണ്ടും സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്നു. പിറ്റേദിവസം സഹോദരനെ വിളിച്ചുവരുത്തിയാണ് വിട്ടതെന്നും പോലീസ് പറഞ്ഞു.

'ദുർഗയുടെ നിശ്ചയദാർഢ്യം അഭിനന്ദനാർഹം'

റിങ്‌ടോൺ കേട്ട് ഉറക്കത്തിൽനിന്നുണർന്നാണ് സെൽഫോൺ എടുത്തതെന്നും മറുതലയിൽ ഒരു പെൺകുട്ടി ആ മാമനെ രക്ഷിക്കണേയെന്ന്‌ പറയുന്നുണ്ടായിരുന്നുവെന്നും ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ പറഞ്ഞു. ദുർഗയെന്ന ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Content Highlights: Girl called informed police and rescued life of a man from railway track at Kanhangad, Kasaragod