പൂച്ചക്കുഞ്ഞിനെക്കൊന്ന് കഞ്ഞിക്കലത്തിൽ ഒളിച്ചു; മൂർഖൻ പാമ്പ് ഒടുവിൽ പിടിയിലായി

ഇരിട്ടി: പൂച്ചക്കുഞ്ഞിനെക്കൊന്ന ശേഷം തള്ളപ്പൂച്ചയെ പേടിപ്പിച്ച് നിർത്തി വീട്ടുകാരെ കണ്ടപ്പോൾ അടുക്കളയിലെ കഞ്ഞിക്കലത്തിൽ അഭയം തേടിയ മൂർഖൻ പാമ്പ് ഒടുവിൽ പിടിയിലായി. തില്ലങ്കേരി ആലയാട്ടെ ഷമീല മൻസിലിൽ മുനീർ ഫൈസിയുടെ വീട്ടിലെ അടുക്കളയിലാണ് മൂർഖൻ എത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അടുക്കളയിലെത്തിയപ്പോഴാണ് വീട്ടുകാരുടെ അരുമയായ പൂച്ചയും കുഞ്ഞും ഉഗ്രവിഷരൂപിയുടെ കണ്ണിൽപ്പെട്ടത്. ഉടനെ കുഞ്ഞിനെ വകവരുത്തി. അടുത്ത ലക്ഷ്യം തള്ളപ്പൂച്ചയായിരുന്നു. പൂച്ച അലറിക്കരഞ്ഞപ്പോൾ വീട്ടുകാർ ഉണർന്നു. അടുക്കളയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ മുഖാമുഖംനിന്ന് പോർവിളി നടത്തുന്ന പൂച്ചയും മൂർഖനും.

പൂച്ച പ്രാണഭയത്താൽ പുറത്തേക്കോടിയപ്പോൾ മൂർഖൻ പാമ്പ് കണ്ണിൽപ്പെട്ട കഞ്ഞിക്കലത്തിൽ കയറിപ്പറ്റി. കഞ്ഞിക്കലത്തിൽ വളഞ്ഞുപുളഞ്ഞുകൂടി പതുങ്ങി നിന്നത് അബദ്ധമായെന്ന് മൂർഖന് മനസ്സിലാകും മുൻപേ വീട്ടുകാർ വലിയ മൂടിക്കൊണ്ട് കഞ്ഞിക്കലം മൂടി. അതിന് മുകളിൽ ഭാരം കയറ്റിവെച്ചശേഷം വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിച്ചു. ഫൈസൽ മൂർഖനെ കഞ്ഞിക്കലത്തിൽ നിന്ന് പിടികൂടി വനത്തിലേക്ക് വിട്ടു. ഏറെ പ്രായം തോന്നിക്കുന്ന വലിയ മൂർഖനായിരുന്നുവെന്ന് ഫൈസൽ വിളക്കോട് പറഞ്ഞു.

Content Highlights: A massive cobra entered a house kitchen in Thillankeri, Iritty., The snake killed a kitten and cornered the mother cat., It sought shelter inside a rice pot to hide from the homeowners., Snake rescuer Faisal Vilakkode safely captured the cobra and released it to the forest.