പുത്തന്‍ പാപ്പയുടെ ഓര്‍മ്മയില്‍ ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ

• മാർപാപ്പ ലിയോ പതിന്നാലാമനിൽനിന്ന്‌ വൈദിക പട്ടം സ്വീകരിച്ച മുതിരപ്പാടം സെയ്ന്റ് അഗസ്റ്റിൻസ്‌ സ്റ്റഡി ഹൗസിലെ ഫാ. ജോൺ ബോസ്കോ കൂട്ടുതറ താൻ മാർപാപ്പയിൽനിന്ന്‌ പട്ടം സ്വീകരിക്കുന്ന ആൽബത്തിലെ ഫോട്ടോ നോക്കുന്നു
• മാർപാപ്പ ലിയോ പതിന്നാലാമനിൽനിന്ന്‌ വൈദിക പട്ടം സ്വീകരിച്ച മുതിരപ്പാടം സെയ്ന്റ് അഗസ്റ്റിൻസ്‌ സ്റ്റഡി ഹൗസിലെ ഫാ. ജോൺ ബോസ്കോ കൂട്ടുതറ താൻ മാർപാപ്പയിൽനിന്ന്‌ പട്ടം സ്വീകരിക്കുന്ന ആൽബത്തിലെ ഫോട്ടോ നോക്കുന്നു

ആലുവ: പുതിയ മാര്‍പാപ്പ പോപ്പ് ലിയോ പതിന്നാലാമന്‍ ആലുവയില്‍ എത്തിയതിന്റെ ഓര്‍മ്മയിലാണ് മുതിരപ്പാടത്തുള്ള സെയ്ന്റ് അഗസ്റ്റീനിയന്‍സ് സ്റ്റഡി ഹൗസ്. 2004 ഏപ്രില്‍ 19-നാണ് സെയ്ന്റ് അഗസ്റ്റീനിയന്‍സ് സഭയുടെ ഇന്ത്യയിലെ ആസ്ഥാനമായ സെയ്ന്റ് അഗസ്റ്റിന്‍ സ്റ്റഡി സെന്ററില്‍ എത്തിയത്. ആറുദിവസത്തോളം മാര്‍പാപ്പ ഇവിടെ താമസിച്ചു.

കമ്പനിപ്പടി മുതിരപ്പാടം സെയ്ന്റ് അഗസ്റ്റിന്‍സ് സ്റ്റഡി ഹൗസില്‍ ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിപ്പിക്കുന്ന അസിസ്റ്റന്റ് മാസ്റ്ററായ ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ ഉള്‍പ്പെടെ ആറ് അച്ചന്‍മാരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് ആശീര്‍വദിക്കാനാണ് പോപ്പ് ലിയോ പതിന്നാലാമന്‍ എത്തിയത്. സൗമ്യവും എളിമയുമുള്ള ഇടപെടലായിരുന്നു പോപ്പിന്റേതെന്ന് ഫാ. ജോണ്‍ ബോസ്‌കോ ഓര്‍ക്കുന്നു. എല്ലാവരെയും കേള്‍ക്കാനുള്ള മനസ്സ് പോപ്പിന്റെ പ്രത്യേകത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എരമല്ലൂര്‍ സ്വദേശിയാണ് ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ.

സെയ്ന്റ് അഗസ്റ്റിന്‍സ് സഭ ആസ്ഥാനമായ വത്തിക്കാനില്‍നിന്നാണ് പോപ്പ് ആലുവയില്‍ എത്തിയത്. ഇടക്കൊച്ചി സുപ്പീരിയര്‍ ആയിരുന്ന ഫാ. ജേക്കബ് മുല്ലശ്ശേരി, സെയ്ന്റ് അഗസ്റ്റിന്‍ സ്റ്റഡി സെന്റര്‍ സുപ്പീരിയര്‍ ആയിരുന്ന ഫ്രാന്‍സിസ് കോതകത്ത്, ഫാ. സേവ്യര്‍ കട്ടിക്കാട്, ആന്റണി എട്ടുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് പോപ്പിനെ സ്വീകരിച്ചു. കതൃക്കടവില്‍ സെയ്ന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിയില്‍ വെച്ച് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഫാ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ് ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ ഉള്‍പ്പെടെ ആറുപേര്‍ക്ക് വൈദിക പട്ടം നല്‍കിയത്.

ഇപ്പോള്‍ സ്‌പെയിനിലുള്ള ഫാ. അഗസ്റ്റിന്‍ പുത്തന്‍വീട്ടില്‍, ഫാ. ഡോ. റോബര്‍ട്ട് റോയ് മഞ്ഞലിക്കാട്ട്, ഫാ. ഷിജു വര്‍ഗീസ് കല്ലറയ്ക്കല്‍, കൊല്ലത്തെ സഭാ സ്‌കൂള്‍ ഡയറക്ടറായ ഫാ. ഡോ. അലോഷ്യസ് കൊച്ചിക്കാരന്‍ വീട്ടില്‍, ഫിലിപ്പീന്‍സിലുള്ള ഫാ. ദിപി പീറ്റര്‍ കട്ടത്തറ എന്നിവരാണ് പോപ്പിന്റെ സാന്നിധ്യത്തില്‍ വൈദികപട്ടം സ്വീകരിച്ചത്. ആഗോള അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തിന്റെ പ്രയാര്‍ ജനറലായിരുന്നു മാര്‍പാപ്പ. പ്രയാര്‍ ജനറല്‍ ഫാ. ഡോ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് എന്നായിരുന്നു അന്നത്തെ പേര്. 1998-ലാണ് അഗസ്റ്റീനിയന്‍സ് സഭയുടെ ഇന്ത്യന്‍ റീജണല്‍ ആസ്ഥാനമായ ആലുവ മുതിരപ്പാടത്തെ സ്റ്റഡിഹൗസ് പണികഴിപ്പിച്ചത്. 2006-ല്‍ വയനാട് തലപ്പുഴ പള്ളിയിലും പോപ്പ് ലിയോ പതിന്നാലാമന്‍ എത്തി.

Content Highlights: Fr.John Bosco Kuttuthara recalls Pope Leo xiv`s visit to Aluva 2004, where he ordained six priests