'തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' ; ആഗ്രഹിച്ച് കിട്ടിയത് പൂര്‍ത്തിയാക്കുംമുമ്പേ തസ്‌കിയ മടങ്ങി

ഫാത്തിമ തസ്‌കിയ
ഫാത്തിമ തസ്‌കിയ

മഞ്ചേരി: സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ് ഫാത്തിമ തസ്‌കിയയുടെ വാക്കുകള്‍. മൂന്നാംതവണ നീറ്റ് പരീക്ഷയെഴുതി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ തസ്‌കിയയുടെ മോട്ടിവേഷന്‍ ക്ലാസുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇറങ്ങിത്തിരിക്കുന്ന കുട്ടികള്‍ക്ക് എന്നും പ്രചോദനമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ 10 ലക്ഷം പേരാണ് തസ്‌കിയയുടെ വാക്കുകള്‍ കേട്ടത്.

നീറ്റ് പരീക്ഷയടുക്കുമ്പോള്‍ തനിക്കും കുടുംബത്തിനുമേറ്റ കടുത്ത പരീക്ഷണങ്ങളുടെ നടുവിലായിരുന്നു തസ്‌കിയ. ആശുപത്രി കിടക്കയില്‍നിന്ന് ഡോക്ടര്‍മാരുടെ അനുവാദം വാങ്ങി പരീക്ഷയ്ക്കിരുന്ന മൂന്നാം ശ്രമത്തില്‍ ആഗ്രഹിച്ചപോലെ കോഴിക്കോട് തന്നെ മെഡിസിന് സീറ്റ് കിട്ടിയതില്‍ അത്യധികം സന്തോഷത്തിലായിരുന്നു തസ്‌കിയയും കുടുംബവും.

പക്ഷേ, എം.ബി.ബി.എസ്. രണ്ടാംവര്‍ഷം പൂര്‍ത്തിയാകുംമുമ്പേ പ്രതീക്ഷകള്‍ ബാക്കിയാക്കി യാത്രയായതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. രോഗികള്‍ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ചേര്‍ത്തുപിടിക്കുന്ന ഡോക്ടറാകണം എന്നായിരുന്നു ഫാത്തിമ തസ്‌കിയയുടെ മോട്ടിവേഷന്‍ ക്ലാസുകളിലെ വാക്കുകള്‍.

'തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' എന്ന ക്യാപ്ഷനില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ യൂട്യൂബ് വീഡിയോയില്‍ തസ്‌കിയ ഈ കഥ വിവരിക്കുന്നുണ്ട്. 'എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായ ഉമ്മയെ എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞപ്പോള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടും കല്‍പിച്ച് നടത്തിയ ശസ്ത്രക്രിയ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോ. ഗീതയാണ് എന്നില്‍ ഡോക്ടര്‍ മോഹം കരുപ്പിടിപ്പിച്ചത്.

എന്റെ പ്രാര്‍ഥനകളില്‍ എന്നും ആ ഡോക്ടറുണ്ട്. അതുപോലെ സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ ഉറച്ച തീരുമാനമെടുത്ത് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി മാറുമ്പോള്‍ തന്നെയും ഉതുപോലെ പ്രാര്‍ഥന കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ ആളുകളുണ്ടാവുമല്ലോ,' അതാണ് ഈ രംഗത്തേക്ക് തന്നെ കൊണ്ടെത്തിച്ചതെന്ന് തസ്‌കിയ പറയുന്നു.

അപകടം, മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞ് മടങ്ങവെ

പോപ്പുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ചെയര്‍മാന്‍ ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍സലാമിന്റെ (ഒ.എം.എ. സലാം) മകളും മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ മഞ്ചേരി കിഴക്കേത്തല മാടങ്കോട് ഫാത്തിമ തസ്‌കിയ (21) കല്‍പറ്റയിലുണ്ടായ സ്‌കൂട്ടറപകടത്തില്‍ മരിച്ചു. ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അബ്ദുല്‍സലാമിന് മകളുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിച്ചു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്‌കിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങവേയാണ് സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച സഹപാഠി അജ്മിയ ഗുരുതരപരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി പത്തുമണിയോടെ പിണങ്ങോട്-പന്നിയോറ റോഡിലെ വളവില്‍ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഠനത്തിന്റെ ഭാഗമായി ഹെല്‍ത്ത് ക്ലബ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനാണ് ഫാത്തിമയും അജ്മിയയും സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച വൈകിട്ട് കല്‍പറ്റയിലെത്തിയത്.

വാടകയ്‌ക്കെടുത്ത സ്‌കൂട്ടറില്‍ തിരികെ മടങ്ങുമ്പോഴാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമയെ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. കബറടക്കം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് കബറിസ്താനില്‍.

മാതാവ്: പയ്യനാട് പുതുപ്പറമ്പില്‍ ബുഷ്‌റ. സഹോദരങ്ങള്‍: മുഖ്താര്‍ അഹമ്മദ് യാസീന്‍ (തൃശ്ശൂര്‍ ഗവ. എന്‍ജി. കോളേജ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി), തബ്ഷിറ (മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്. വിദ്യാര്‍ഥി), മുഷ്താഖ് അഹമ്മദ് യാസിര്‍ (തുറക്കല്‍ എച്ച്.എം.എസ്.എ.യു.പി.എസ്. വിദ്യാര്‍ഥി).

പിതാവിന് മൂന്നുദിവസത്തെ പരോള്‍

മകളുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുഹമ്മദ് അബ്ദുല്‍സലാമിന് മൂന്നുദിവസത്തെ പരോളാണ് പട്യാല ഹൗസ് കോടതി അനുവദിച്ചത്. ദിവസവും ആറുമണിക്കൂര്‍ വീട്ടില്‍ ചെലവഴിക്കാം. പിന്നെ അടുത്ത സബ്ജയിലിലേക്ക് മാറ്റും. സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ഇവരുടെ യാത്രാച്ചെലവുകള്‍ കുടുംബം വഹിക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുലര്‍ച്ചയോടെ സലാം വീട്ടിലെത്തും.

2022 സെപ്റ്റംബറില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡിലാണ് മറ്റ് നേതാക്കള്‍ക്കൊപ്പം സലാമിനെയും എന്‍.ഐ.എ. അറസ്റ്റുചെയ്തത്. മുഹമ്മദ് അബ്ദുല്‍ സലാം ജയില്‍ മോചന നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി വൈകി മഞ്ചേരിയിലേക്ക് തിരിച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കെത്തും.

Content Highlights: former pfi chairmans daughter fathima thazkiya died in scooter accident kalpetta wayanad