തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം ചെയ്തത് വിശ്വസിക്കാനാവില്ല- സെബാസ്റ്റ്യന്‍ പോള്‍

സെബാസ്റ്റ്യന്‍ പോള്‍  | Photo: Mathrubhumi
സെബാസ്റ്റ്യന്‍ പോള്‍  | Photo: Mathrubhumi

കൊച്ചി: വീണ്ടും ചര്‍ച്ചയായി സെബാസ്റ്റ്യന്‍ പോളിന്റെ കോഴ വാഗ്ദാന വെളിപ്പെടുത്തല്‍. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ പ്രണബ് മുഖര്‍ജിയുടെ ദൂതന്മാര്‍ 25 കോടി വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. അന്ന് കേന്ദ്രമന്ത്രിയായ വയലാര്‍ രവിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഒരു വാരികയിലെഴുതിയ ലേഖനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

നേരത്തെ, എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥയിലും സെബാസ്റ്റ്യന്‍ പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേരാന്‍ രണ്ട് എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും വെളിപ്പെടുത്തലുമായി എത്തിയത്. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും കോടികള്‍ വാഗ്ദാനം ചെയ്തുവെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.

ഇക്കാര്യം അദ്ദേഹം മാതൃഭൂമി ന്യൂസിനോടും ആവര്‍ത്തിച്ചു. 'തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനുവേണ്ടി ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും പണം കൊടുത്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാവുന്നതല്ല. കാലികളെപ്പോലെ വിലപേശലിന് വിധേയമാക്കപ്പെടുന്നതിന് ആത്മാഭിമാനമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ തയ്യാറാവുമെന്ന് കരുതുന്നില്ല. പണംകൊടുത്ത് എം.എല്‍.എമാരെ മറിക്കാന്‍ കഴിയുമെന്ന വിശ്വാസമെനിക്ക് ഇപ്പോഴുമില്ല', സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

2008-ലേത്‌ കേന്ദ്ര സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള വോട്ടാണ്. അമേരിക്കയുമായുള്ള ആണവകരാറിനെത്തടുര്‍ന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള വോട്ടെടുപ്പാണ്. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് 25 കോടി എന്ന ഓഫര്‍ വന്നത്. യു.പി.എ. സര്‍ക്കാരിനെ നിലനിര്‍ത്തുകയെന്ന നിര്‍ണായക സാഹചര്യമായിരുന്നു 2008-ല്‍. കേരളത്തില്‍ ഇപ്പോള്‍ അങ്ങനെയൊരു നിര്‍ണായക സാഹചര്യമില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനോ താഴെയിറക്കാനോ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനോ പണം മുടക്കാന്‍ തയ്യാറായെന്ന് വരും. ഇവിടെ രണ്ട് എം.എല്‍.എമാര്‍ മുന്നണി വിട്ടുപോയാല്‍ തന്നെ ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Was offered Rs 25 crore to vote for UPA govt in 2008- Sebastian Paul