മുന്‍മന്ത്രി എം.പി ഗോവിന്ദന് നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രി അഡ്വ. എം.പി.ഗോവിന്ദന് നായര്‍ (96) അന്തരിച്ചു. കോട്ടയം മുട്ടമ്പലത്തുള്ള വസതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.
1962-ല്‍ ആര്. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 2012 മുതല്‍ 2015 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഈ മൂന്നു വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ 1950 മുതല്‍ 2019 ആദ്യം വരെ അഭിഭാഷകവൃത്തിയില്‍ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ഡി.സി.സി.പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി.അംഗം, എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗം, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ആതുര സേവാ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.
കോട്ടയത്തിനടുത്ത് പാറമ്പുഴ പുത്തന്‍പുരയില്‍ എന്‍.പരമേശ്വരന് പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രില്‍ 27നായിരുന്നു ജനനം. സ്കൂള്‍പഠനത്തിന് ശേഷം കോട്ടയം സി.എം.എസ്.കോളേജില്‍ ഇന്റര്‍ മിഡിയേറ്റ്, ആലുവ യു.സി. കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ എക്കണോമിക് സില് ബി.എ. ബിരുദം. തുടര്‍ന്ന് തിരുവനന്തപുരം ലാ കോളേജില്‍ നിന്ന് ബി.എല്‍.പാസ്സായി. 1950 നവംബറില്‍ കോട്ടയം ബാറിലെ അഭിഭാഷകനായി. 24-ാം വയസ്സില്‍ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായി.
34-ാം വയസ്സില്‍ ആര്.ശങ്കര്‍ മന്ത്രിസഭയില്‍ അംഗമായി. 1960 ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആയി കോട്ടയം നിയോജക മണ്ഡലത്തില്‍ മത്സരിച്ച് സി.പി. ഐ.യുടെ എന്‍.രാഘവ കുറുപ്പിനെ തോല്‍പ്പിച്ചാണ്.ഗോവിന്ദന് നായര്‍ നിയമസഭയിലേക്കെത്തിയത്. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യത്തിന് പുറമേ വനം, ദേവസ്വം വകുപ്പുകളുടെയും ചുമതല വഹിച്ചു. 16 കോണ്‍ഗ്രസ്സ് എം.എല്‍.എ.മാരുടെ രാജിയോടെ ആര്. ശങ്കര്‍ മന്ത്രിസഭ നിലംപതിക്കുമ്പോഴും എം.പി. ഗോവിന്ദന് നായര്‍ അടിയുറച്ച കോണ്‍ഗ്രസ്സ് നേതാവായി നിലകൊണ്ടു. തന്റെ ആരാധ്യ പുരുഷനായ മന്നത്ത് പത്മനാഭന്റ അനുഗ്രഹാശിസ്സുകള്‍ അപ്പോഴും തനിക്ക് ലഭിച്ചിരുന്നതായി ഗോവിന്ദന് നായര്‍ പില്ക്കാലത്തു ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
മന്ത്രി സ്ഥാനം ധര്‍മ്മബോധത്തോടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിനിയോഗിച്ച ഗോവിന്ദന് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമാണ് മുന്‍കൈ എടുത്തത്.
പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഗോദവര്‍മ്മ രാജയുടെ മകള്‍ പരേതയായ ശാരദാദേവിയായിരുന്നു ഭാര്യ. മകള്‍: സുധ. മരുമകന്: റിട്ട: കേണല്‍ പി.എസ്.സി.നായര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. പിതൃസഹോദര പുത്രനാണ്. സംസ്കാരം വ്യാഴാഴ്ച.
Content Highlights: Former minister MP Govindan Nair passed away