ബാബുവിനെതിരെ കേസ്; നടപടി കൂടുതല്‍ ആളുകള്‍ മല കയറാനെത്തുന്നതിന് പിന്നാലെ

പാലക്കാട്: മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മലയില്‍ കൂടുതല്‍ ആളുകള്‍ കയറാനെത്തുന്നതിന് പിന്നാലെയാണ് നടപടി.
വനം മന്ത്രിയും റവന്യു മന്ത്രിയുമടക്കം ബാബുവിന് നല്‍കിയ ഇളവുകള്‍ മറ്റാര്‍ക്കും നല്‍കില്ലെന്ന രീതിയിലാണ് ഇന്ന് രാവിലെ പ്രതികരിച്ചത്. ബാബുവിന് എതിരെ കേസെടുക്കില്ല എന്നുതന്നെയാണ് ഇന്ന് രാവിലെ നടന്ന ഉന്നതതല യോഗത്തിലും ധാരണയായത്. എന്നാല്‍ ബാബുവിനെതിരെ കേസെടുക്കാതിരിക്കുമ്പോള്‍ മറ്റ് ആളുകളും ഇതേ മാതൃകയില്‍ നിയമലംഘനം നടത്തുകയാണ്. ഇന്നലെ രാത്രിയിലും ചേറാട് മലയില്‍ കൂടുതല്‍ ആളുകളെ കണ്ടതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വനം-പരിസ്ഥിതി സ്‌നേഹികളുള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ കേസെടുക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. വനത്തില്‍ അതിക്രമിച്ച് കയറിയാല്‍ നിര്‍ബന്ധമായും കേസെടുക്കണമെന്ന രീതിയില്‍ അവര്‍ ദേശീയ തലത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുവിനും കൂടെ വനത്തിലേക്ക് പോയ വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
വനമേഖലയില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരളാ ഫോറസ്റ്റ് ആക്ട് 27 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെറിയ പിഴയൊടുക്കിയാല്‍ കേസില്‍ നിന്ന് മോചിതരാകാവുന്ന കുറ്റമാണിത്. കേസെടുക്കില്ലെന്ന് കരുതി അനുമതിയില്ലാതെ ആരും മലയിലേക്ക് പോകരുതെന്ന് ബാബു പറഞ്ഞു.
Content Highlights: forest department registered case against babu for tresspassing into forest
Content Highlights: