പുതുവത്സരം ആഘോഷിക്കാനെത്തിയ നോര്‍വീജിയന്‍ വനിതയ്ക്ക് ആലപ്പുഴയില്‍ തിരയില്‍പ്പെട്ട് പരിക്ക്

ആലപ്പുഴ: കടലില്‍ കുളിക്കാനിറങ്ങിയ വിദേശവനിതയ്ക്ക് ശക്തമായ തിരയില്‍പ്പെട്ട് പരിക്ക്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ബീച്ചിലാണ് സംഭവം. നോര്‍വിജിയന്‍ സ്വദേശിനി ഷെനല്‍ അന്തോണി ഒപ്സഹല് (53) ആണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തിരയില്‍പ്പെട്ടത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയതാണ് ഷെനല്‍. മാരാരിക്കുളം ബീച്ചിലെ ആദ്യകാല ഹോംസ്റ്റേയായ മാരാരി ബീച്ച് വില്ലയിലാണ് ഇവര്‍ താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ നീന്താന്‍ പോയിരുന്ന ഷെനല്‍ പതിവുപോലെ കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.
മത്സ്യത്തൊഴിലാളികളായ കലേഷ്, ജാക്സ്ണ്‍, സമീപത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ എന്നിവരാണ് ഇവരെ രക്ഷിച്ചത്. ഈ സമയം ബീച്ചില്‍ ഗാര്‍ഡുകളും അപകട മുന്നറിയിപ്പ് സൂചനകളും ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാരാരിക്കുളം ബീച്ചില്‍ സ്ഥിരം അപകടരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുന്‍ പഞ്ചായത്ത് അംഗവും കേരള ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല ടൂറിസം സൊസൈറ്റി-കേരള ഹാട്സ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ഇ.വി. രാജു ഈരെശ്ശേരില് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlights: Norwegian woman swept away in sea waves, rescued by fishermen and tourists at Alappuzha