വിദേശത്ത് പഠിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ്; വിലക്കിയിട്ടും ഫീസ് വാങ്ങുന്നു

പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

കോഴിക്കോട്: വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദമെടുത്ത വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് ഫീസ് ഈടാക്കുന്നത് വിലക്കിയിട്ടും വാങ്ങുന്നതായി പരാതി. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ക്കും ഫീസ് വാങ്ങരുതെന്ന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, കേരളത്തിലെ ആശുപത്രികളില്‍ ഒരുമാസം പതിനായിരം രൂപവെച്ച് 1.20 ലക്ഷം രൂപയാണ് ഇന്റേണ്‍ഷിപ്പിന് വാങ്ങുന്നതെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പറയുന്നു.

മാത്രമല്ല, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതുപോലെ സ്റ്റെപ്പെന്‍ഡ് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുരണ്ടും ആരോഗ്യവകുപ്പ് പാലിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. മാര്‍ച്ചിലും മേയിലുമായി രണ്ട് തവണയാണ് മെഡിക്കല്‍ കമ്മിഷന്‍ ഇത് സംബന്ധിച്ച് സര്‍ക്കുലറിറക്കിയത്. ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് മേയില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ അവസാനമിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

കമ്മിഷന്റെ സര്‍ക്കുലറുള്ളതിനാല്‍ ഫീസ് ഒഴിവാക്കിക്കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. അതില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല.

ദേശീയ മെഡിക്കല്‍ കമ്മിഷന്റെ ആദ്യ നിര്‍ദേശം വന്നതിനുപിന്നാെല രാജസ്ഥാന്‍ അത് നടപ്പാക്കിയിരുന്നു. തമിഴ്‌നാടും ഫീസ് വാങ്ങുന്നത് നിര്‍ത്തലാക്കി ഉത്തരവിറക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

മുന്നൂറ്റന്പതോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തെ ഒന്‍പത് ജനറല്‍ ആശുപത്രികളിലായി മെഡിക്കല്‍ രജിസ്േട്രഷന്‍ ലഭിക്കുന്നതിനുള്ള ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത്.
 

Content Highlights: Medical students internship medical commission