വിഴിഞ്ഞം കടലിൽ മീൻപിടിത്ത ബോട്ട് തീപിടിച്ച് കത്തി നശിച്ചു; ജീവനക്കാരെ സാഹസികമായി രക്ഷിച്ച് കോസ്റ്റൽ പോലീസ്

തിരുവനന്തപുരം: യാത്രക്കിടെ ആഴക്കടലിൽ വച്ച് എൻജിനിൽ തീപിടിച്ച് മീൻപിടിത്ത ബോട്ട് പൂർണമായും കത്തിനശിച്ചു. ബോട്ടിലെ രണ്ട് ജീവനക്കാരെ വിഴിഞ്ഞം കോസ്റ്റൽ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബോട്ടിലെ സ്രാങ്കും കന്യാകുമാരി വിളവൻകോട് പുത്തുറ കാരുണ്യപുരത്ത് വി. ഇമ്മാനുവൽ ജോസ്, ബോട്ടിലെ ജീവനക്കാരനും നേപ്പാളിലെ ധൻഗാദി സബ് മെട്രോപോളിറ്റൻ സിറ്റി കൈലാലിൽ ലളിത് പ്രസാദ് ശ്രേഷ്ഠ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച പുലർച്ചെ 02:45-ഓടെ വിഴിഞ്ഞം തീരത്തുനിന്ന് എട്ടുകിലോമീറ്റർ അകലെയാണ് അപകടമെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. കൊല്ലം മുദാക്കര ജോനകപ്പുറം വികസനക്ഷേമ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 120 അടിയോളം നീളമുള്ള സെയ്ന്റ് ആന്റണി എന്ന ബോട്ടാണ് കത്തി നശിച്ചത്. പത്തുപേരടങ്ങുന്ന സംഘത്തിന് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം ലഭിച്ച ബോട്ടാണിതെന്ന് ഉടമകളിലൊരാളായ മുദാക്കര റോബിൻ പറഞ്ഞു.
തമിഴ്നാട്ടിലെ തേങ്ങാപട്ടണത്താണ് കഴിഞ്ഞ കുറച്ചുകാലമായി ഈ ബോട്ടുപയോഗിച്ച് മീൻപിടിച്ചിരുന്നത്. സാങ്കേതിക തകരാർ ഉണ്ടായതിനെ അറ്റകുറ്റ പണി നടത്തി പരിഹരിച്ചിരുന്നു. ബോട്ടിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതുക്കി വാങ്ങുന്നതിന് നീണ്ടകരയിലുളള ഫിഷറീസ് ഓഫിസറെ കാണുന്നതിനായിരുന്നു ബുധനാഴ്ച വൈകിട്ട് നാലോടെ തേങ്ങാപട്ടണം തുറമുഖത്ത് നിന്ന് ബോട്ട് നീണ്ടകരയിലേക്ക് യാത്രതിരിച്ചത്. തുടർന്ന് പുലർച്ചെ 02:40-ഓടെ വിഴിഞ്ഞം കടലിലെത്തിയപ്പോൾ ബോട്ടിന്റെ എൻജിനുള്ളിൽ നിന്ന് പുകയും തീയുമുണ്ടായി.
തീയണക്കൽ ഉപകരണമുപയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞിരുന്നില്ലെന്ന് ബോട്ടിലെ സ്രാങ്കായ ഇമ്മാനുവേൽ പറഞ്ഞു. ബോട്ടിനൊപ്പം അനുബന്ധമായി കെട്ടിയിട്ട നാലുവള്ളങ്ങളുമുണ്ടായിരുന്നു. ബോട്ടിനുളളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറുകൾ, വള്ളത്തിലുപയോഗിക്കുന്ന എൻജിൻ എന്നിവ തീ പടരുന്നതിനിടെ ഈ വള്ളങ്ങളിലേക്ക് മാറ്റി.
തുടർന്ന് ഇരുവരും വള്ളങ്ങളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് കൺടോൾ റൂമിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റൽ പോലീസിന്റെ ബോട്ടെത്തി ശക്തിയേറിയ തിരയിൽപ്പെട്ട് ഉലയുകയായിരുന്ന വള്ളത്തിൽ നിന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പുലർച്ചെ 04:45-ഓടെ വിഴിഞ്ഞം തീരത്തെത്തിച്ച ഇവരെ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. എസ്.ഐ. എസ്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ. നോബിൾ, സി.പി.ഒ. പ്രിയൻ, കോസ്റ്റൽ വാർഡൻമാരായ സിൽവയ്യൻ, അഹമ്മദ് കണ്ണ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
‘കോസ്റ്റൽ പോലീസ് ഇല്ലായിരുന്നെങ്കിൽ...’
വിഴിഞ്ഞം തീരത്ത് നിന്ന് എട്ടുകിലോമീറ്റർ ദൂരത്തിലുളള കടലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മീൻപിടിത്ത ബോട്ടിൽ നിന്ന് രക്ഷപ്പെട്ട് അനുബന്ധ വള്ളത്തിലിരുന്ന തങ്ങൾക്ക് രക്ഷപ്പെടാനായത് കോസ്റ്റൽ പോലീസ് എത്തിയതിനെ തുടർന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. അവർ വരാൻ വൈകിയിരുന്നുവെങ്കിൽ വള്ളങ്ങളിലിരുന്ന തങ്ങൾ എവിടെയെങ്കിലും ഒഴുകിപ്പോകുമായിരുന്നുവെന്ന് തൊഴിലാളികളായ ഇമ്മാനുവേൽ ജോസും ലൽത് പ്രസാദ് ശ്രേഷ്ടയും പറഞ്ഞു.
അപ്രതീക്ഷമായാണ് ബോട്ടിനുള്ളിൽ തീയുണ്ടായത്. കാറ്റിന്റെ ശക്തിയിലായിരുന്നു തീ വേഗത്തിൽ പടർന്നത്, ആളിക്കത്തിയ ബോട്ടിൽ നിന്ന് താഴെകെട്ടിയിട്ടിരുന്ന വള്ളങ്ങളിലേക്ക് ചാടിയില്ലായിരുന്നുവെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നു എന്നും തൊഴിലാളികൾ പറഞ്ഞു. ബോട്ട് കത്തിപ്പോയതിൽ വലിയ ദുഖമുണ്ടെന്നും സ്രാങ്ക് ഇമ്മാനുവൽ പറഞ്ഞു.
Content Highlights: A 120-foot fishing boat caught fire off the Vizhinjam coast due to an engine fault. Vizhinjam Coastal Police carried out a daring rescue operation, saving two crew members stranded in smaller companion boats.