വാഴമുട്ടത്തെ ചകിരി നിർമ്മാണ യൂണിറ്റിൽ വൻ തീപ്പിടിത്തം; യന്ത്രങ്ങളും മോട്ടോറുകളും കത്തിനശിച്ചു

തിരുവനന്തപുരം: കോവളത്ത് യന്ത്രസംവിധാനം ഉപയോഗിച്ച് പച്ചത്തൊണ്ടിൽനിന്ന് ചകിരിയുണ്ടാക്കുന്ന യൂണിറ്റിന് തീപിടിച്ചു. ഉത്പാദനത്തിനുശേഷം യൂണിറ്റിനുളളിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് ചകിരി കത്തിപ്പോയി. ആളപായമില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
കുഴിവിളാകം വട്ടപ്പാറ വാഴമുട്ടം കയർ സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കയർ സൊസൈറ്റിയുടെ പച്ചത്തൊണ്ട് തല്ലി നാരുണ്ടാക്കുന്ന യൂണിറ്റാണ് തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു തീപ്പിടിത്തം. വാഴമുട്ടം മേഖലയിലുളളവരാണ് ഇവിടത്തെ ജോലിക്കാർ. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജീവനക്കാർ അവധിയിലായിരുന്നു. ഇതേത്തുടർന്ന് യൂണിറ്റ് കഴിഞ്ഞ രണ്ടുദിവസമായി പൂട്ടിയിട്ടിരുന്നതായി സംഘം പ്രസിഡന്റ് ഡി. ബിജോയ് പറഞ്ഞു.
തൊണ്ടുതല്ലൽ യൂണിറ്റിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് സംഘം പ്രസിഡന്റിനെ വിളിച്ച് വിവരമറിയിച്ചത്. ഉത്പാദിപ്പിച്ച് സൂക്ഷിച്ചിരുന്ന ചകിരിയും അനുബന്ധ വസ്തുവായ ചകിരിച്ചോറും കത്തിച്ചാമ്പലായി. ഏകദേശം ഏഴുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു. വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങളുപയോഗിച്ച് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാകാം ചകിരിക്കെട്ടിന് തീപിടിച്ചതെന്ന് അഗ്നിരക്ഷാ സേനാധികൃതർ പറഞ്ഞു.
സ്റ്റേഷൻ ഓഫീസർ ടി.കെ. അജയ്, സേനാംഗങ്ങളായ അനീഷ്, സന്തോഷ് കുമാർ, ഷിജു, അഖിൽ, ദിനേശ്, പ്രശാന്ത്, രാജേഷ് ഗോപകുമാർ, സജികുമാർ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. സംഭവസ്ഥലം മന്ത്രി വി. ശിവൻകുട്ടി, കൗൺസിലർ പനത്തുറ പി. ബൈജു എന്നിവർ സന്ദർശിച്ചു. റവന്യൂ അധികൃതർ, കയർ ഇൻസ്‌പെക്ടർ ഓഫീസ് അസിസ്റ്റൻ ജ്യോതിഷ് എന്നിവരും തിരുവല്ലം പോലീസും സ്ഥലത്തെത്തിയിരുന്നു.
Content Highlights: fire btoke out in kovalam coir unit